Your Image Description Your Image Description

ശ്രീനഗർ/കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ ഭാര്യയ്ക്കും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നാട്ടിൽനിന്ന് യാത്ര തിരിച്ചത് തിങ്കളാഴ്ച. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ 65 കാരനായ എൻ. രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നിൽ വെച്ച്. ഭാര്യ ഷീല, മകൾ അമ്മു, മകളുടെ രണ്ട് കുട്ടികൾ എന്നിവർക്കൊപ്പമാണ് അവസാന യാത്രയെന്നറിയാതെ രാമചന്ദ്രൻ പഹൽ​ഗാമിലെത്തിയത്.

ഹൈദരാബാദിലെത്തിയശേഷമാണ് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് പഹൽഗാമിലെത്തുന്നത്. മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. മകളാണ്​ നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ടത്​ അറിയിച്ചത്​. ആശുപത്രിയില്‍ എത്തി അച്ഛന്‍റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.

ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്​. ഇതിനുശേഷമാണ് ഇവർ ഒരുമിച്ച് വിനോദസഞ്ചാരത്തിന്​ യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് രാമചന്ദ്രൻ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യയും മകളും കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും നാട്ടുകാരും രാമചന്ദ്രന്‍റെ വീട്ടിലെത്തി. ഹൈദരാബാദിൽ ജോലി ചെയ്യുന്ന രാമചന്ദ്രന്റെ മകൻ വിവരമറിഞ്ഞ് ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയി. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts