Your Image Description Your Image Description

ന്യൂഡൽഹി: ഏറെ കഷ്ടപ്പെട്ടാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ഓരോ ഉദ്യോഗാർത്ഥിയും തയാറെടുക്കുന്നത്. എന്നാൽ ഇന്ന് പുറത്തുവന്ന യുപിഎസിയുടെ സിവിൽ സര്‍വീസ് പരീക്ഷ ഫലത്തിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയത് ഹര്‍ഷിത ഗോയലിന്റെ വഴി അല്പം വ്യത്യസ്തത നിറഞ്ഞതാണ്. പഠനത്തിന് പ്രാധാന്യം കൊടുക്കുന്നവർ മാറ്റിവയ്ക്കുന്ന സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കാൻ ഹർഷിത തയാറായില്ല. മറിച്ച് അതിനെ ഫലപ്രദമായി ലക്ഷ്യത്തിനുവേണ്ടി ഉപയോഗിച്ചു. അക്കാദമിക മികവിന്റെ തുടര്‍ച്ചയായിരുന്നു ഹര്‍ഷിതയുടെ പുതിയ നേട്ടവും. എംഎസ് യൂണിവേഴ്സിറ്റി ഓഫ് ബറോഡയിൽ നിന്ന് ബിരുദം നേടിയഹർഷിത ചാറ്റേര്‍ഡ് അക്കൗണ്ടന്റായിരുന്നു. അടിത്തട്ടിലെ ജനങ്ങളിൽ ശാശ്വതമായ സേവനം എത്തിക്കുക, സ്വാധീനം ചെലുത്തുക എന്ന കാഴ്പ്പാടോടെ ആയിരുന്നു അവൾ സിവിൽ സര്‍വീസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

ഹരിയാനയിൽ ജനിച്ച ഹര്‍ഷിതയുടെ ജീവിതം ഗുജറാത്തിലായിരുന്നു. അവളെ രൂപപ്പെടുത്തുന്നതിൽ നിര്‍ണായക പങ്കുവഹിച്ചതും ഗുജറാത്തായിരുന്നു. അവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ബറോഡ സർവകലാശാലയിൽ നിന്ന് ബി കോം ബിരുദം നേടി. സ്ത്രീകൾ നേരിടുന്ന വെല്ലുവളികൾ പഠിച്ച് അവര്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ദൃഢനിശ്ചയം അവരെടുത്തിരുന്നു. ആരും കേൾക്കാത്തവരുടെ ശക്തമായ ശബ്ദമാകണമെന്ന് അവര്‍ ആഗ്രഹിച്ചു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ മഹത്തായ മറ്റൊരു ലക്ഷ്യവും ഹര്‍ഷിതയ്ക്കുണ്ടായിരുന്നു. താൻ എന്ത് ചെയ്യുന്നുവോ അതിലൂടെ പിതാവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്താൻ സാധിക്കണം എന്നതായിരുന്നു അത്.

സമര്‍പ്പിതമായ പഠനമാണ് വിജയത്തിന് പിന്നിലെന്നും ഹര്‍ഷിത വിശദീകരിക്കുന്നു. തന്റേതായ ശൈലിയിൽ ഒരു പഠനരീതി ഉണ്ടാക്കി. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക എന്നതായിരുന്നുഅത്. സിവിൽ സര്‍വീസ് പഠന കാലത്ത് മറ്റ് പലരും ഉപേക്ഷിച്ച് മാറ്റിനിര്‍ത്തിയെന്ന് പറയുന്ന സോഷ്യൽ മീഡിയയും ഗുണകരമായി ഉപയോഗിക്കാമെന്ന് ഹര്‍ഷിത തെളിയിക്കുന്നു. താൻ ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നതായും അതിൽ ഉപോയഗപ്രദവും വിദ്യാഭ്യാസ പരവുമായ ഇൻസ്റ്റഗ്രാം പേജുകൾ പിന്തുടര്‍ന്നിരുന്നു എന്നും അവര്‍ പറയുന്നു. വിനദത്തിനുള്ള പ്ലാറ്റ്ഫോമുകൾ പോലും ശരിയായി ഉപോയഗിച്ചാൽ എങ്ങനെ ഫലപ്രദമായ മാര്‍ഗമാകുമെന്നത് ഇതിലൂടെ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.

സേവന രംഗത്ത് നേരത്തെ തന്നെ സജീവമായിരുന്നു ഹര്‍ഷിത. ഗുജറാത്ത് യൂത്ത് പാർലമെന്റിലെ പങ്കാളിത്തവും നിയമ-നീതി മന്ത്രാലയവുമായുള്ള ബന്ധവും നിയമ സംവിധാനങ്ങളേയും നയരൂപീകരണ പ്രക്രിയയേയും കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ അവര്‍ക്ക് നൽകി. തലസീമിയ, കാൻസർ രോഗികളെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഒരു എൻ‌ജി‌ഒയായ ബിലീവ് ഫൗണ്ടേഷനുമായി സഹകരിച്ചുള്ള പ്രവർത്തനം അവരുടെ സാമൂഹിക ലക്ഷ്യങ്ങളോടുള്ള താൽപര്യവും പ്രകടമാക്കുന്നതായിരുന്നു.

വിവിധ സാമൂഹിക, പ്രാദേശിക തലങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞിട്ടുള്ള അവർ, എല്ലാ സ്ത്രീകൾക്കും – അവളുടെ പശ്ചാത്തലം പരിഗണിക്കാതെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ തുല്യമായ അവസരം ലഭിക്കണമെന്ന് ആഗ്രഹിച്ചു. സ്ത്രീകളെ ശാക്തീകരിക്കുക മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭരണ മാതൃകയാണ് അവർ വിഭാവനം ചെയ്യുന്നത്.

ഒരു സ്വപ്നത്തിൽ നിന്ന് യുപിഎസ്‌സി റാങ്കുകാരിയായുള്ള ഹര്‍ഷിതയുടെ യാത്ര യുവതയ്ക്ക് ശക്തമായ ഒരു സന്ദേശം നൽകുന്നു. വലുതായി സ്വപ്നം കാണുക, പുതിയ ആശയങ്ങൾ സൃഷ്ടിക്കുക, മാറ്റമുണ്ടാക്കാൻ ധൈര്യം കാണിക്കുക കഠിനാധ്വാനം, സ്ഥിരോത്സാഹം, കാഴ്ചപ്പാട് എന്നിവയിലൂടെ വിജയം കൈവരിക്കാനും വഴിയിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും കഴിയുമെന്ന ഉറച്ച് പ്രസ്താവനയാണ് ഹർഷിത ഗോയലിന്റെ സിവിൽ സര്‍വീസ് യാത്ര വ്യക്തമായിഓര്‍മിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts