Your Image Description Your Image Description

ശ്രീനഗർ: സൗദി യാത്ര വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി അടിയന്തരമായി രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതി​ഗതികൾ ധരിപ്പിച്ചു. ഭീകരാക്രമണത്തെ തുടർന്ന് രാജ്യം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ഭീകരാക്രമണ വാർത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലേക്ക് അയയ്ക്കുകയും സ്ഥിതിഗതികളുടെ വിലയിരുത്തൽ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതലയോഗം ചേർന്നിരുന്നു. സുരക്ഷാ ഏജൻസി മേധാവികളുമായും അമിത് ഷാ ചർച്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651,7006058623

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

ഇസ്രയേലിൽ കടന്നു കയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പഹൽഗാമിൽ ഇന്നലെ ഭീകരർ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഭീകരർ പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു. വളരെ അടുത്ത് നിന്നാണ് ഭീകരർ വിനോദ സഞ്ചാരികളെ വെടിവെച്ചത്. ദ റെസിസ്റ്റൻസ് ഫ്രണ്ട്-ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയാണ് ഇത്.

വിവാഹിതനായി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹൽഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭം ദ്വിവേദിയെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഭീകരർ വധിച്ച കർണാടക സ്വ​ദേശി മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോടും ഭീകരർ പറഞ്ഞത് ഇതു തന്നെയായിരുന്നു. പല്ലവിയുടെയും മകന്റെയും മുന്നിൽവെച്ചാണ് മഞ്ജുനാഥ് റാവുവിനെ ഭീകരർ വധിച്ചത്. ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് പല്ലവി ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീകളെ വെറുതെ വിടുന്നുവെന്നും ചെന്ന് കാര്യങ്ങൾ മോദിയോട് പറയാനുമായിരുന്നു ഭീകരർ മോദിയോട് പറഞ്ഞത്. നാട്ടുകാരാണ് പല്ലവിയേയും മകനെയും ആക്രമണ സ്ഥലത്തു നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. നിലവിൽ ജമ്മു കശ്മീർ പൊലീസിൻറെ സംരക്ഷണയിലാണ് പല്ലവിയും മകനും.

തൻറെ കൺമുന്നിലാണ് ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പല്ലവി പറഞ്ഞു. ഇതോടെ സ്ഥലത്തെ കുതിരക്കാരും മറ്റ് നാട്ടുകാരും ഓടി വന്നു. അവരാണ് സുരക്ഷിതരായി തങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിയത്. പിന്നീട് സൈനികരടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും പല്ലവി പറഞ്ഞു. ഭീകരർ സൈനിക വേഷത്തിലല്ല വന്നതെന്നും പല്ലവി പറഞ്ഞു.

കശ്മീരിൽ കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാൻ ബെംഗളൂരുവിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ചു. ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ്. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണ്. ആക്രമണത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപലപിച്ചു. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിൽ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ ഉള്ളത്. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്ക് തുറന്നു

കശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദേശാനുസരണമാണ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയത്.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിൻറെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts