Your Image Description Your Image Description

തൃശ്ശൂർ: കാർഷിക വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് വിഷു. എന്നാൽ, നെൽ കർഷകർക്കിത് കണ്ണീരിൽ കുതിർന്ന വിഷുവാണ്. ഇത്തവണ നെൽപ്പാടങ്ങളിൽത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണ ശാലകൾ നിർമിക്കുന്ന പദ്ധതി നടപ്പായില്ല. ഇതോടെ കൊയ്‌ത നെല്ല് സൂക്ഷിക്കാനാകാതെ നെട്ടോട്ടമോടുകയാണ് കർഷകർ. വേനൽമഴ വർധിക്കുമ്പോൾ നഷ്ടം വർധിക്കുന്നു. വിൽക്കുമ്പോൾ ഈർപ്പത്തിന്റെ പേരിൽ എട്ടുശതമാനം വരെ തൂക്കം കുറയ്‌ക്കുന്നു. പാടത്തുതന്നെ സംഭരണശാലകൾ ഒരുക്കുകയായിരുന്നെങ്കിൽ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നെന്ന് കർഷകർ പറയുന്നു.

സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങൾ പാടങ്ങളിൽത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകൾ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും എത്രസ്ഥലങ്ങളിൽ ഇത്തരം സംഭരണശാലകൾ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തി. എന്നാൽ പിന്നീടൊരു നടപടിയും ഉണ്ടായില്ല. സിലിൻഡർ രൂപത്തിലുള്ള ലോഹനിർമിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങൾ സൂക്ഷിക്കാൻ ഇതുപയോഗിക്കുന്നുണ്ട്. മറ്റു സംഭരണമാർഗങ്ങൾ പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തൽ.

തണ്ണീർത്തട നിയമത്തിന് വിരുദ്ധമാകുമെന്നതിനാൽ കോൺക്രീറ്റ് സംഭരണശാലകൾ പാടങ്ങളിൽ നിർമിക്കാനാകില്ല. നിലവിൽ മിക്കകർഷകരും പാടത്തുതന്നെയാണ് നെല്ല് സൂക്ഷിക്കുന്നത്. പാടത്തുവെച്ചുതന്നെ വിൽപ്പന നടത്താനുമാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ സർക്കാരിനുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾപോലും സമയത്തിന് എത്താറില്ല. പാടത്ത് ടാർപായ വിരിച്ചാണ് നെല്ല് സൂക്ഷിക്കുന്നത്. മുകളിലും ടാർപായ ഇടുമെങ്കിലും ചെറിയ ഒരു മഴവന്നാൽ പോലും നെല്ല് നനയുന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts