Your Image Description Your Image Description

79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്‍റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് കീര്‍ത്തി ചക്ര പുരസ്കാരവും 15 പേര്‍ക്ക് വീര്‍ചക്ര പുരസ്കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരവും നൽകും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും. മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിന് യുദ്ധസേവ മെഡലും നൽകും.

ബിഎസ്എഫിലെ രണ്ടുപേര്‍ക്ക് വീര്‍ചക്ര പുരസ്കാരം സമ്മാനിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധസേവ മെഡൽ നൽകും. എയര്‍ വൈസ് മാര്‍ഷൽ ജോസഫ് സ്വാരസ്, എവിഎം പ്രജ്വൽ സിങ്, എയര്‍ കമാന്‍ഡര്‍ അശോക് രാജ് താക്കൂര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. ഇവര്‍ക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാര്‍ക്കും യുദ്ധ സേവ മെഡൽ നൽകും.

ഒമ്പത് വ്യോമസേന പൈലറ്റുമാര്‍ക്ക് വീര്‍ ചക്ര സമ്മാനിക്കും. കരസേനയില്‍ രണ്ടുപേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡലും നാലുപേര്‍ക്ക് കീര്‍ത്തിചക്ര പുരസ്കാരവും നൽകും.ഇന്ത്യയുടെ പുതിയ യുദ്ധമുറയാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ദീർഘവീക്ഷണത്തിന്‍റെ സ്വയം പര്യാപ്തതയുടെയും ഉദാഹരണമാണ് ഓപ്പറേഷനെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൈനികർക്ക് നൽകിയ സന്ദേശത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന

 

Related Posts