Your Image Description Your Image Description

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പന്നിക്ക് വച്ച കെണിയിലെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്. മകൻ പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്.

മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് സംഭവമറിയുന്നത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ഷീബ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

മാലതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപാറുന്നത് കണ്ടു. ഉടനെ പ്രദേശവാസികളെ വിവരമറിയിച്ചാണ് ഉണങ്ങിയ കമ്പു ഉപയോഗിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മാലതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മാലതിക്ക് ഇടതു കൈയിലാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഷൊർണൂർ പോലീസ് സംഭവസ്ഥലത്ത് എത്തി മാലതിയുടെ മകൻ പ്രേംകുമാറിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു പിറകെയാണ് അറസ്റ്റ്. വയോധികയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്. ഷൊർണൂർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഈ സമയത്ത് അമിത മദ്യലഹരിയിൽ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു കെണിയൊരുക്കിയ മകൻ പ്രേംകുമാർ. പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts