Your Image Description Your Image Description

രാഹുൽ ഗാന്ധിയെയും ജോസ് കെ മാണിയെയും താരതമ്യപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പല ട്രോളുകളും കാണാറുണ്ട്. ലഭ്യമായ അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയവരെന്നാണ് രണ്ടു പേരുടെയും പേരിലുള്ള ആരോപണം.

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അത് ഏകദേശം ഒക്കെ ശരി തന്നെയാണ്. എന്നാൽ ജോസ് കെ മാണി ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് പടവെട്ടുന്നത് . ജോസ് കെ മാണി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ആദ്യം ഇഷ്ടപ്പെടാതെ പോയത് കെഎം മാണിയുടെ പാർട്ടിക്ക് തന്നെയാണ്.

പ്രമുഖ നേതാക്കന്മാരെല്ലാം അതിനെതിരായിരുന്നു. രാഷ്ട്രീയത്തെപ്പറ്റി കാൽ കാശിന്റെ ബോധമില്ലാത്ത ചില എടുക്കാ ചരക്കുകൾ മാത്രമാണ് അന്ന് ജോസിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് അതിബുദ്ധിയോടു കൂടി പിജെ ജോസഫ് , മാണി ഗ്രൂപ്പിൽ ഉപാധികളോന്നുമില്ലാതെ ലയിച്ചത്.

കെഎം മാണിയുടെ കാലം അവസാനിച്ചെന്നും അതോടുകൂടി ജോസിനെ തട്ടി ,പാർട്ടി കൈപ്പിടിയിലാക്കാമെന്നുമാണ് കാര്യമായ അണികളുടെ പിന്തുണയൊന്നുമില്ലാത്ത ജോസഫിന്റെ കണക്കുകൂട്ടൽ.

ചില കത്തോലിക്ക വൈദികരെയും മേലധ്യക്ഷന്മാരെയും കൂട്ടുപിടിച്ച് മാണിയെ വളച്ച് പാർട്ടിയിലേക്ക് കയറിക്കൂടി ,തൊട്ടടുത്തു വരുന്ന മന്ത്രിസഭയിലും അംഗമാകാൻ ജോസഫ് കാണിച്ച വിരുത് മറ്റാരും മനസ്സിലാക്കിയില്ലന്ന് കരുതരുത്.

ഒടുവിൽ മാണിയുടെ കാലശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ചതിവിലൂടെ തട്ടിയെടുക്കുവാൻ ജോസഫ് നടത്തിയ അടവ് അതിലും വിദഗ്ധമായി ജോസ് പൊളിച്ചടുക്കി. തിരുവനന്തപുരത്ത് ഒരു കൊച്ചു ഹാളിൽ നടത്തിയ കെഎം മാണി അനുസ്മരണത്തിൽ ,കെഎം മാണിയെ അനുസ്മരിക്കേണ്ടത് ഈ വിധം ഒരു ചെറിയ ഹാളിലല്ലന്ന് ബിജെപി നേതാവ് ഓ രാജഗോപാൽ പറഞ്ഞതും മറക്കരുത്.

പിന്നീട് നടന്നത് രാഷ്ട്രീയ യുദ്ധമായിരുന്നു. അതിൽ കോൺഗ്രസുകാർ സമവായം ഉണ്ടാക്കി. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും രണ്ടിലെ ചിഹ്നം നൽകുകയും ചെയ്യുമെന്നായിരുന്നു സമവായത്തിന്റെ സാരം.

മധ്യസ്ഥൻമാരായി നിന്ന കോൺഗ്രസ് നേതാക്കന്മാർക്ക് ജോസഫിനെ കൊണ്ട് ചിഹ്നം അനുവദിപ്പിക്കാൻ സാധിച്ചില്ല. അതേ കോൺഗ്രസുകാർ മൂന്നുമാസത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഒഴിവായി കൊടുത്തില്ലന്ന് പറഞ്ഞ് ജോസിനെ മുന്നണിയിൽ നിന്ന് പുറത്തുമാക്കി. ഈ സാഹചര്യത്തിൽ ജോസിന്റെ കൂടെ നിന്ന ഒരു പാർട്ടി പ്രവർത്തകൻ ജോസിനെ വിലയിരുത്തിയത് ഇങ്ങനെയാണ് .

നരേന്ദ്രമോഡിയെയോ പിണറായി വിജയനെയോ ഫോണിലൊന്ന് കിട്ടാൻ ഏറിയാൽ ഒരു ദിവസം കാത്തിരുന്നാൽ മതി. എന്നാൽ പാർട്ടിക്കാർക്കും പാർട്ടി നേതാക്കന്മാർക്കും ജോസിനെ ഒന്ന് കിട്ടണമെങ്കിൽ ആദ്യം പാഴൂർ പടിപ്പുരക്കൽ പോയി സമയം കുറിപ്പിക്കണം.

പാർട്ടി പ്രതിസന്ധിയിൽ നിന്ന കാലത്ത് കയ്യാലപ്പുറത്തിരുന്ന ചിലർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതിനു ശേഷം പാർട്ടി ഹൈജാക്ക് ചെയ്യുകയും ജോസിന്റെ ഉപദേശകരായി മാറുകയും ചെയ്തു. അവരുടെ പരദൂഷണവും ഏഷണിയും കേൾക്കാൻ ജോസിന് ഇഷ്ടംപോലെ സമയവുമുണ്ട്. ഏഷണിയും പരദൂഷണവും കേൾക്കാനും രസിക്കാനും മിടുക്കനാണെന്ന് മാത്രമല്ല , അതിൽ ഡോക്ടറേറ്റുമുണ്ട് .

ജോസിന്റെ ഫോൺ മാനേജ്മെന്റ് ആണ് ഏറ്റവും വലിയ പോരായ്മ. യഥാ രാജാ തഥാ പ്രജ എന്നു പറഞ്ഞതുപോലെ ജോസിന് പറ്റിയ സ്റ്റാഫാണ് കൂടെയുള്ളത്. ആരെങ്കിലും ഫോൺ ചെയ്താൽ ഒന്നെടുത്ത് ആരാണെന്ന് ചോദിക്കണ്ടേ ?

എന്ത് അടിയന്തരത്തിനാണ് വിളിക്കുന്നതന്നറിയണ്ടേ. അവരെയൊന്ന് തിരിച്ച് വിളിക്കേണ്ടതാണങ്കിൽ വിളിക്കേണ്ടേ. എന്നാൽ മാസാ മാസം തൊഴിൽകരം അടയ്ക്കുന്നവർക്ക് ചില സ്റ്റാഫിന്റെ വക ഇളവുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്.

കേരള കോൺഗ്രസിലെ പാരമ്പര്യവാദികളായ ചിലരുടെ അന്തി ചർച്ചയിൽ കടന്നുവന്ന ഒരു ചെറിയ കാര്യം പറയാം. ഒരു മാസം മുമ്പ് ഞാൻ ഒരു മരിച്ച വീട്ടിലേക്ക് കയറുകയാണ് അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ജോസ് ഫോൺ വച്ചിട്ട് മറുവശത്ത് ഇരുന്ന ആൾ മൂന്നുദിവസം കാത്തിരുന്നുവെന്നാണ് പറഞ്ഞുകേട്ടത് .

മരിച്ച വീട്ടിലോ കല്യാണ വീട്ടിലോ ചെല്ലുന്ന ജോസ് ,ചുറ്റും നിൽക്കുന്നവരോട് മുഖം തിരിച്ചു പോകുന്നത് കണ്ടിട്ടുണ്ടോ ? ഈമാൻ അങ്ങനെയേ പോവുകയുള്ളു . തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഇതിനു മാതൃകയാക്കേണ്ടത്. ആരു തന്നെ ആകട്ടെ വിളിച്ചാൽ ഫോണെടുക്കും. ഇല്ലെങ്കിൽ തിരിച്ചു വിളിക്കും .

വിളിച്ച വിവരം അന്വേഷിക്കും. ഫോൺ മാനേജ്മെന്റ് എന്ന് പറഞ്ഞൊരു പരിപാടിയുണ്ട്. രണ്ടോ മൂന്നോ വാചകങ്ങളിൽ വിളിച്ചവനോട് മറുപടി പറഞ്ഞു അവസാനിപ്പിക്കുക. ഔദ്യോഗികമായും അത്യാവശ്യമായിട്ടുമുള്ള കാര്യങ്ങൾ ദീർഘമായി ചർച്ച ചെയ്യുന്നതുപോലെയല്ല.

പരിശ്രമിച്ചാൽ ശ്രീമാൻ ആകാവുന്നതേയുള്ളൂ. ശത്രുക്കൾ സ്വന്തം പാളയത്തിൽ തന്നെയാണന്ന് തിരിച്ചറിയണം. ദൈവമേ എന്റെ മിത്രങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്ന് പണ്ട് മഹാനായ ചർച്ചിൽ പറഞ്ഞത് ,ജോസിന് പ്രയോജനപ്പെട്ടോട്ടെയെന്ന് കരുതിയിട്ടായിരിക്കും.

കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിക്കാൻ നിന്ന ജോസിനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു ദുരഭിമാനം തലയിൽ അടിച്ച് കയറ്റി പാലായിൽ തന്നെ മത്സരിപ്പിച്ചത് കടുത്തുരുത്തിയിൽ കണ്ണുംനട്ട് നടന്ന ഒരു നേതാവും അയാളുടെ ശിങ്കിടികളുമായിരുന്നു.

കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബുദ്ധിയും അതിന്റെ പുറകിലുണ്ടായിരുന്നു.
ഇത് മനസ്സിലാക്കാനുള്ളകഴിവുകേടാണ് ജോസിന്റെ പരാജയത്തിന് കാരണം. അടുത്ത തെരഞ്ഞെടുപ്പിനെ ലാക്കാക്കി പുതിയ പരിപാടികൾ ആവിഷ്കരിച്ച് ഇവരെല്ലാം കളത്തിലിറങ്ങിയിട്ടുണ്ട്.

ഇനിയും ജോസ് പഴയ അബദ്ധങ്ങൾ ആവർത്തിക്കാൻ ശ്രമിച്ചാൽ 2026 ൽ തന്നെ കോട്ടയത്തെ പാർട്ടി ഓഫീസ് ആമത്താഴിട്ട് പൂട്ടേണ്ടി വരും. ബുദ്ധിപൂർവം നോക്കി കളിച്ചാൽ ജോസിന്റെ കാലം കഴിയുന്നതുവരെ എങ്കിലും ഈ പ്രസ്ഥാനം കൊണ്ടുപോകാം .

Leave a Reply

Your email address will not be published. Required fields are marked *

Related Posts