Your Image Description Your Image Description

പുത്തൻ എയ്‌റോക്‌സ് 155 പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. നിലവിലെ മോഡലിനെക്കാൾ ചെറിയ മാറ്റങ്ങളോടെയാണ് ഈ മാക്‌സി സ്കൂട്ടർ എത്തിയിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ്-സ്പെക്ക് ‘S’ ട്രിമ്മിൽ ചെറിയ പരിഷ്കാരങ്ങളും കോസ്മെറ്റിക് നവീകരണങ്ങളും ഉൾപ്പടെ വരുത്തിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് എയ്‌റോക്‌സ് 155 S-ന്, ഗ്രേ വെർമില്ല്യൺ നിറത്തിന് പകരമായി പുതിയ ഐസ് ഫ്ലൂ വെർമില്ല്യൺ കളർ ഓപ്ഷനാണ് നൽകിയിരിക്കുന്നത്. ഐക്കണിക് റേസിംഗ് ബ്ലൂ സ്കീം തുടർന്നും ലഭ്യമാണെങ്കിലും, യമഹ ഈ ഷേഡിൽ പുതിയ ബോഡി ഗ്രാഫിക്സ് ചേർത്തിട്ടുണ്ട്. അതേസമയം, സ്റ്റാൻഡേർഡ് മോഡൽ മെറ്റാലിക് ബ്ലാക്ക് പെയിന്റിൽ തുടർന്നും ലഭിക്കും. സാങ്കേതിക കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. 155 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 14.75 ബിഎച്ച്പി പവറും 13.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഈ എൻജിൻ ഇപ്പോൾ OBD2B മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പൊസിഷൻ ലാമ്പുകളോടുകൂടിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടിഫങ്ഷൻ കീ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഓട്ടോമാറ്റിക് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, സൈഡ്-സ്റ്റാൻഡ് എൻജിൻ ഇമ്മൊബിലൈസർ, സിംഗിൾ-ചാനൽ എബിഎസ് തുടങ്ങിയ സൗകര്യങ്ങൾ എയ്‌റോക്‌സിൽ തുടർന്നും ലഭിക്കും. ഒട്ടേറെ ഫംങ്ഷനുകൾ അൺലോക്ക് ചെയ്യുന്ന ഒരു സ്മാർട്ട് കീ ‘എസ്’ വേരിയൻ്റിൽ നൽകിയിട്ടുണ്ട്. യമഹ R15, MT-15 എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എയ്‌റോക്‌സ് 155-ൽ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ സ്പ്രിങ്ങുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 14 ഇഞ്ച് അലോയ് വീലുകളാണ് ഈ മാക്‌സി സ്കൂട്ടറിലുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഉണ്ട്. എയ്‌റോക്‌സിൻ്റെ സ്റ്റാൻഡേർഡ് വേരിയൻ്റിന് 1,50,130 രൂപയും എസ് ട്രിമ്മിന് 1,53,430 രൂപയുമാണ് വില (എക്സ്ഷോറൂം). കഴിഞ്ഞ മാസം എയ്‌റോക്‌സിൻ്റെ വില കമ്പനി വർധിപ്പിച്ചിരുന്നു. അതിനാൽ വാഹനത്തിന്റെ പുത്തൻ പതിപ്പിന് വില വർധിപ്പിക്കേണ്ടതില്ലെന്ന് യമഹ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts