Your Image Description Your Image Description

പൊതുവെ സുധാകരനിലും സതീഷനിലുമൊക്കെ പെട്ട് കുത്തുപാളയെടുക്കുന്ന അവസ്ഥയിൽ കഴിയുന്ന കോൺഗ്രസ്സുകാർക്ക് ഒരു തിരിച്ചടി കൂടി കാലം കാത്തു വെച്ചിട്ടുണ്ട്. സത്യത്തിനു മുൻപിൽ കോൺഗ്രസിന്റെ തന്ത്രങ്ങളൊന്നും വിലപ്പോവില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ എംഎൽഎ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ ആശ്വാസ വിധി വന്നിരിക്കുന്നത് . എ രാജ എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവയ്ക്കുകയാണ് ഉണ്ടായത് . മാത്രമല്ല, ദേവികുളം ഉപതിരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തു. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് എല്ലാ അർഹതയുമുണ്ടെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു.
ഇന്ന് രാവിലെ പത്തരയ്ക്കാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ജഡ്ജിമാരായ എ അമാനത്തുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജയ്ക്ക് നൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. എംഎൽഎ എന്ന നിലയിൽ രാജയ്ക്കും സിപിഎമ്മിനും ആശ്വാസമേകുന്നതാണ് വിധി.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിൽ ആരോപിച്ചത്. ഇതേ തുടർന്ന് സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2023 മാർച്ച് 20 നായിരുന്നു ഹൈക്കോടതി വിധി വന്നത്. അതേസമയം, തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചു. 1950 ന് മുൻപ് കുടിയേറിയതിനാൽ കേരളത്തിൽ സംവരണത്തിന് അർഹതയുണ്ടെന്നും രാജ വാദിക്കുന്നു. പൂർവ്വികർ തിരുനെൽവേലിയിൽ നിന്ന് 1950 ഓഗസ്റ്റ് 10 ന് മുൻപ് കുടിയേറിയവരാണെന്ന രാജയുടെ വാദം സുപ്രീം കോടതി ശരിവച്ചു.

രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നും യുഡിഎഫ് സ്ഥാനാർഥി ഡി കുമാർ വാദമുയർത്തി. ക്രിസ്ത്യൻ വിശ്വാസിയായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ല. രാജയുടെ കുടുംബം പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലുള്ളവരാണെന്നും മാട്ടുപ്പെട്ടി സിഎസ്ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നുമായിരുന്നു ഡി കുമാറിന്റെ വാദം. യഥാർത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകൾ രാജ കോടതിയിൽനിന്ന് മറച്ചുവച്ചെന്ന് ഡി കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. എന്നാൽ സുപ്രീം കോടതി ഈ വാദങ്ങൾ എല്ലാം തള്ളിക്കളഞ്ഞു. രാജ നൽകിയ ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി അയോഗ്യനാക്കിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയതോടെ ദേവികുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത അവസാനിച്ചു. ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. മൂന്നാറിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതായിരുന്നു മുന്നണികൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts