Your Image Description Your Image Description

ന്യൂഡൽഹി: ന്യൂഡൽഹിയിലെ മിലിട്ടറി നഴ്‌സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി വനിത നിയമിതയായി. ചങ്ങനാശ്ശേരി സ്വദേശിനിയായ മേജർ ജനറൽ പി.വി. ലിസമ്മയാണ് മിലിട്ടറി നഴ്‌സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത്. മേജർ ജനറൽ പി.ഡി. ഷീന വിരമിച്ച ഒഴിവിലാണ് ലിസമ്മ അഡീഷണൽ ഡയറക്ടർ ജനറലാകുന്നത്.

ചങ്ങനാശ്ശേരി സ്വദേശിനിയാണ് ലിസാമ്മയെങ്കിലും വിവാഹത്തിനുശേഷം 34 വർഷമായി കൊല്ലം പുനലൂരിലാണ് താമസം. അഭിഭാഷകനും കേന്ദ്രസർക്കാർ നോട്ടറിയുമായ പുനലൂർ നെല്ലിപ്പള്ളി ബാബു മഹലിൽ ബാബു ജോണിന്റെ ഭാര്യയാണ്. 1991-ലായിരുന്നു ഇവരുടെ വിവാഹം. ജലന്ധർ മിലിട്ടറി ആശുപത്രി സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ പൂർവവിദ്യാർഥിയാണ്. 1986-ലാണ് മിലിട്ടറി നഴ്‌സിങ് സർവീസിൽ ചേർന്നത്. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

ബെംഗളൂരു എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിൽ പ്രിൻസിപ്പൽ മേട്രൺ, ഈസ്റ്റേൺ കമാൻഡിലെ കമാൻഡ് ആശുപത്രി, ഈസ്റ്റേൺ കമാൻഡിന്റെ ആസ്ഥാനത്തെ മിലിട്ടറി നഴ്‌സിങ് സർവീസിൽ ബ്രിഗേഡിയർ, പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള എംഎൻഎസിൽ(അഡ്മിൻ) ബ്രിഗേഡിയർ, റിസർച്ച്‌ ആൻഡ്‌ റെഫറൽ ആർമി ആശുപത്രിയിൽ പ്രിൻസിപ്പൽ മേട്രൺ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.

ചങ്ങനാശ്ശേരി നാലുകോടി പ്ലാന്തോപ്പിൽവീട്ടിൽ പരേതനായ പി.ടി. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകളാണ് ലിസമ്മ. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ പ്രീഡിഗ്രിയും ജലന്ധറിൽ നഴ്‌സിങ് പഠനവും പൂർത്തിയാക്കിയശേഷം 1986-ൽ ലഫ്റ്റനന്റായാണ് മിലിട്ടറി സർവീസിൽ ചേർന്നത്.

തുടർന്ന് പുണെ, ബെംഗളൂരു എന്നിവിടങ്ങളിൽ കോളേജ് ഓഫ് നഴ്‌സിങ് വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ, ഡൽഹി ആർമി റിസർച്ച് ആൻഡ്ഫ റെഫറൽ ആശുപത്രിയിൽ പ്രിൻസിപ്പൽ മേട്രൺ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. വിശിഷ്ടസേവനത്തിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജോലിയുടെ തിരക്കിനിടയിൽത്തന്നെ നിയമത്തിൽ ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ബിരുനാന്തരബിരുദവും നേടി.

എല്ലാ അവധിക്കാലവും ലിസമ്മ പുനലൂരിൽ കുടുംബത്തോടൊപ്പമാണ് ചെലവഴിക്കാറുള്ളത്. അബുദാബിയിൽ എൻജിനിയറായ പ്രിൻസ് ജോൺ ബാബു, അഭിഭാഷകയായ പ്രിയ മറിയ ബാബു എന്നിവരാണ് മക്കൾ. ബെംഗളൂരുവിൽ എംഡി വിദ്യാർഥിനിയായ ഡോ. റിതു റേച്ചൽ ജോർജ് മരുമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts