Your Image Description Your Image Description

കോഴിക്കോട് ബീച്ചില്‍ ഇനി 10 ദിവസത്തെ ആഘോഷ രാപ്പകലുകള്‍. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള, കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള എന്നിവ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും. മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറും. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങള്‍ എന്നിവ മേളയുടെ മാറ്റ് കൂട്ടും. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവര്‍ത്തനങ്ങളും ഉല്‍പന്നങ്ങളും ജനങ്ങള്‍ക്ക് അടുത്തറിയാനും മേള അവസരമൊരുക്കും. ദേശീയ സരസ് മേള നാളെ (മെയ് രണ്ട) ആരംഭിക്കും. ആദ്യമായാണ് സരസ് മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്.

മേളകളുടെ ഉദ്ഘാടനം മെയ് മൂന്നിന് വൈകീട്ട് ആറ് മണിക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എം പി മാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടര്‍ തുടങ്ങിയവര്‍ സംസാരിക്കും.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ച ഒരുക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേള ഭരണ മികവിന്റെയും നാനാതലങ്ങളിലെ വികസനക്കുതിപ്പിന്റെയും നേര്‍സാക്ഷ്യമാകും.

വര്‍ണാഭമായ ഘോഷയാത്ര
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി മാനാഞ്ചിറ ബിഇഎം സ്‌കൂളില്‍ നിന്നും ഉദ്ഘാടന വേദിയായ ബീച്ചിലേക്ക് വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെപ്പേര്‍ അണിനിരക്കും. വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഫ്‌ളോട്ടുകള്‍, വിവിധ കലാരൂപങ്ങള്‍, ശിങ്കാരി മേളം എന്നിവ ഘോഷയാത്രയ്ക്ക് നിറം പകരും. ജില്ലയിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ ഭാഗമാകും.

ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയന്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനാണ് ഒരുങ്ങിയത്.

ബീച്ചിലെ ഫ്രീഡം സ്‌ക്വയറിനോട് ചേര്‍ന്ന് 45,000 വീതം ചതുരശ്ര അടിയില്‍ ഒരുക്കുന്ന ശീതീകരിച്ച രണ്ട് ജര്‍മന്‍ ഹാങ്കര്‍ പന്തലുകളിലായാണ് മേളകള്‍ നടക്കുക. കടലിന് അഭിമുഖമായി 50 ഫുഡ് സ്റ്റോളുകളും ഡൈനിങ് ഏരിയയും ഉള്‍പ്പെടെ 20,000-ലേറെ ചതുരശ്ര അടിയില്‍ ഒരുക്കിയ പന്തലിലാണ് ഭക്ഷ്യമേള നടക്കുക. ഇതില്‍ 15 ഓളം ഫുഡ് സ്റ്റോളുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. രണ്ട് മേളകളിലുമായി അഞ്ഞൂറിലേറെ പ്രദര്‍ശന, വിപണന, സേവന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.

വ്യത്യസ്ത അനുഭൂതിയേകാന്‍ എആര്‍ വി ആര്‍ കാഴ്ചകള്‍
നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണ്‍, റോബോട്ടിക്‌സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ പവലിയന്‍, ഫിറ്റ്‌നസ് സോണ്‍, ഹെല്‍ത്ത് സോണ്‍, വിവിധതരം ചാലഞ്ചുകളും ഉള്‍പ്പെടുന്ന കായിക വകുപ്പിന്റെ പവലിയന്‍, വി ആര്‍ സാങ്കേതിക വിദ്യയിലൂടെ വ്യത്യസ്ത അനുഭൂതി പകര്‍ന്നു നല്‍കുന്ന കിഫ്ബി പവിലിയന്‍, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ  വികസന പാലം, സെല്‍ഫി പോയിന്റ്, മിനി തിയേറ്റര്‍ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാകും.

വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കാനും മേളയില്‍ സൗകര്യമൊരുക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍, ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചെടികള്‍, അപൂര്‍വയിനം മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും പോലിസിന്റെ ഡോഗ് ഷോയും മേളയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാനും ഉല്ലസിക്കാനും പ്രത്യേക സ്പോര്‍ട്സ് ഏരിയകളും ഒരുക്കും.

15 സംസ്ഥാനങ്ങളിലെ രുചികൂട്ടുകളുമായി ഇന്ത്യ ഫുഡ് കോര്‍ട്ട്
15 സംസ്ഥാനങ്ങളിലെ രുചിവൈവിധങ്ങളുമായി ഇന്ത്യ ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ മേളയുടെ ഭാഗമായി 50 ഫുഡ് സ്റ്റാളുകളും ഫുഡ് കോര്‍ട്ടും കടലിന് അഭിമുഖമായാണ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നടക്കം പതിനേഴ് സംസ്ഥാനത്തുനിന്നുള്ള ആയിരത്തിലേറെ വരുന്ന സംരംഭകര്‍ ഒരുക്കുന്ന ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ പറുദീസയാകും. പഞ്ചാബില്‍ നിന്നുള്ള ചോല ബട്ടൂര, പാവ് ബജ്ജി, രാജസ്ഥാനിലെ മുഗളൈ കച്ചോര, മിര്‍ച്ചി വട, ലക്ഷദ്വീപ് വിഭവങ്ങള്‍, കേരളത്തില്‍ നിന്നുള്ള മില്ലറ്റ് ഫുഡ്, ഇടുക്കിയിലെ പിടിയും കോഴിയും, വിവിധ തരം ബിരിയാണികള്‍, സ്‌നാക്‌സ് എന്നിവയ്ക്ക് പുറമെ അന്‍പതിലകം വെറൈറ്റി ജ്യൂസുകളും ഫുഡ് കോര്‍ട്ടില്‍ ലഭ്യമാകും.

രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള സംരംഭകര്‍ ഉള്‍പ്പെടെ 250 വിപണന സ്റ്റാളുകളാണ് സരസ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഗുജറാത്തില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍, ആന്ധ്രയില്‍ നിന്നുള്ള വുഡണ്‍ ഐറ്റംസ്, മഹാരാഷ്ട്രയിലെ എംബ്രോയിഡറി കുര്‍ത്തി, അരുണാചലില്‍ നിന്നുള്ള മുളകൊണ്ടുള്ള വസ്തുക്കള്‍, മേഘാലയയിലെ ഡ്രൈഫ്‌ളവര്‍, ഹരിയാനയില്‍ നിന്നുള്ള സ്യൂട്ട് സാരി ദുപ്പട്ട, പഞ്ചാബി കുര്‍ത്തി, ഗോവയില്‍ നിന്നുള്ള അലങ്കാര ആഭരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് ആളുകളെ കാത്തിരിക്കുന്നത്.

പത്ത് ദിവസവും കലാപരിപാടികള്‍
എന്റെ കേരളം മെഗാ എക്‌സ്‌പോ, സരസ് മേള എന്നിവയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ എല്ലാ ദിവസവും വൈകീട്ട് ഏഴിന് പ്രഗത്ഭര്‍ അവതരിപ്പിക്കുന്ന സംഗീത, നൃത്ത, ഫ്യൂഷന്‍ പരിപാടികളും കോമഡി ഷോയും ഭിന്നശേഷി കലാകാരരുടെ പ്രത്യേക പരിപാടികളും അരങ്ങേറും. ഉദ്ഘാടന ദിവസമായ മെയ് മൂന്നിന് വൈകീട്ട് 7.30യ്ക്ക് പ്രശസ്ത സംഗീതജ്ഞന്‍ സൂരജ് സന്തോഷും ടീം അവതരിപ്പിക്കുന്ന സംഗീത പരിപാടി സൂരജ് സന്തോഷ് ലൈവ് നടക്കും. നാലിന് നടക്കുന്ന ഗാനമേളയില്‍ ഇഷ്ടഗാനങ്ങളുമായി എത്തുക ചെങ്ങന്നൂര്‍ ശ്രീകുമാറും മൃദുല വാര്യരുമാണ്. അഞ്ചിനും ആറിനും അശ്വതി അന്‍ഡ് ശ്രീകാന്ത് ക്യുറേറ്റ് ചെയ്യുന്ന നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറും. നീന പ്രസാദ്, വൈഭവ് അരേക്കര്‍ എന്നിവര്‍ അഞ്ചിനും ശ്രീലഷ്മി ഗോവര്‍ദ്ധന്‍, രമ വൈദ്യനാഥന്‍ എന്നിവര്‍ ആറിനും നൃത്താവതരണം നടത്തും. ആറിന് 8.30യ്ക്ക് നിലാവില്‍ നിരഞ്ജന്‍ സംഗീത പരിപാടി നടക്കും. ഏഴിന് ദ ഫോക്ക്ഗ്രാഫര്‍ ലൈവ്-അതുല്‍ നറുകര ബാന്‍ഡും എട്ടിന് കാലിക്കറ്റ് കോമഡി കമ്പനി അവതരിപ്പിക്കുന്ന ആനന്ദരാവും കലാ വിരുന്നൊരുക്കും. ഒമ്പതിന് ഷഹബാസ് അമന്‍ ലൈവും 10-ന് കുടുംബശ്രീ കലാകാരരുടെ ഫ്യൂഷന്‍ നൈറ്റ് ചിലമ്പൊലിയും അരങ്ങേറും. 11-ന് സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രോജക്ട് മലബാറിക്കസ് ബാന്റ് സംഗീത രാവും 12-ന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കലാപരിപാടികളുമായി മലഹാര്‍, റിഥം ടീമുകള്‍ അരങ്ങിലെത്തും

Leave a Reply

Your email address will not be published. Required fields are marked *

Related Posts