Your Image Description Your Image Description

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും മറ്റന്നാളും(വെള്ളിയാഴ്ച) തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക.

അതേ സമയം, ആരെങ്കിലും തുടങ്ങിവെച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന പരിപാടിയെന്നും ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ച് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും, പങ്കെടുക്കില്ലെന്നും, അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍, ഇത് ആറായിരം കോടി രൂപയുടെ കടല്‍കൊള്ളയാണ് എന്ന് പറഞ്ഞയാളാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. എന്നിട്ടിപ്പോള്‍ അതേ പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ അത് കൊണ്ടുവന്ന ആളുകളെ വിസ്മരിച്ച് പദ്ധതിയുടെ ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി വൈക്കം മുഹമ്മദ് ബഷീറിന്റെ ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. 2015-ല്‍ തുടങ്ങിയ പദ്ധതി 2025-ലാണ് പൂര്‍ത്തിയായിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിശ്ചിത കാലയളവില്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ക്കേണ്ടിയിരുന്ന റെയില്‍, റോഡ് ഗതാഗതസംവിധാനങ്ങളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. വാര്‍ഷികം സാധാരണക്കാരന്റെ പണം ഉപയോഗിച്ചാണ് നടത്തുന്നത്. 15 കോടിയുടെ ഹോര്‍ഡിങാണ് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് ചുവന്ന ടീഷര്‍ട്ട് കുട്ടികള്‍ക്ക് കൊടുക്കുകയാണ്. ലഹരി വിരുദ്ധ പരിപാടിയും മാര്‍ക്‌സിസ്റ്റ്വല്‍ക്കരിക്കുകയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts