Your Image Description Your Image Description

സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ബ്രാൻഡ് ഇന്ന് കാണുന്ന നിലയിലേക്ക് വളരാൻ കാരണം ഒരുകാലത്ത് പുറത്തിറക്കിയിരുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളായിരുന്നു. വിക്‌ടർ, സ്റ്റാർ സിറ്റി, സ്പോർട്ട് അങ്ങനെ നീളും ലിസ്റ്റ്. ഇപ്പോൾ പ്രീമിയം ബൈക്കുകൾ മുതൽ വൈദ്യുത വാഹനങ്ങൾ വരെ പുറത്തിറക്കുന്നതിൽ കേമൻമാരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ്. പുതുതലമുറയ്ക്ക് വേണ്ടിയുള്ള വലിയ നിരയുണ്ടെങ്കിലും ചെറിയ 100 സിസി മുതലുള്ള മോഡലുകളിലും ബ്രാൻഡ് ശ്രദ്ധകൊടുക്കുന്നുണ്ട് കേട്ടോ. ഹീറോ സ്പ്ലെൻഡർ, ബജാജ് പ്ലാറ്റിന, ഹോണ്ട ഷൈൻ പോലുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകളെ നേരിടാനായി ടിവിഎസ് പുറത്തിറക്കുന്ന അവതാരമാണ് സ്പോർട്ട് 110. മികച്ച മൈലേജ് നൽകുന്ന താങ്ങാനാവുന്ന വിലയിൽ ഒരു ബൈക്ക് തിരയുന്നവർക്കെല്ലാം കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന ബൈക്കാണിത്. ഏറെക്കാലം മുതൽ വിപണിയിലുള്ള കക്ഷി നല്ല മൈലേജും കുറഞ്ഞ വിലയുമായി വിപണിയിൽ വാഴാൻ തുടങ്ങിയിട്ട് കുറച്ചധികമായി. ഇപ്പോഴിതാ ടിവിഎസ് സ്പോർട്ടിന്റെ 2025 മോഡലുമായി രംഗത്തെത്താൻ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ പുതിയ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വന്നേക്കില്ലെങ്കിലും പുതിയ കളർ ഓപ്ഷനുകളും അക്കൂടെ പുതിയ OBD-2B മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള എഞ്ചിനും വാഹനത്തിലേക്ക് എത്തുമെന്നാണ് സൂചന. സ്‌പോർട്ടിനായി പുതിയ കളർ ഓപ്ഷനുകൾ ചേർക്കുന്നതിനെക്കുറിച്ച് ടീസർ വെളിപ്പെടുത്തുന്നുമുണ്ട്. നിറങ്ങളിലൂടെ മാത്രമല്ല, പുതിയ ഗ്രാഫിക് ഡിസൈനുകളും കൊണ്ടുവന്ന് പുതുമ സമ്മാനിക്കാനും ടിവിഎസ് തയാറാവും. ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ഹെഡ്‌ലൈറ്റ് കൗൾ എന്നിവിടങ്ങളിലെല്ലാം ഗ്രാഫിക്‌സ് എത്തുന്നതോടെ വണ്ടിയുടെ പേര് പോലെ തന്നെ അൽപം സ്പോർട്ടിയറാവാനും ബൈക്കിനാവും. ടിവിഎസ് സ്പോർട്ടിന് കരുത്തേകുന്നത് 109.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ്. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,350 ആർപിഎമ്മിൽ പരമാവധി 8.08 bhp പവറും 4,500 ആർപിഎമ്മിൽ 8.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മോഡലിന്റെ സസ്പെഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും കൊടുത്തിട്ടുണ്ട്. ഇവ പ്രീലോഡിനായി 5-സ്റ്റെപ്പ് ക്രമീകരണം നൽകുന്നതാണ്. ബ്രേക്കിംഗിനായി ഇരുവശത്തും ഡ്രം ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡിസ്ക് ബ്രേക്ക് പോലുള്ള ഫാൻസി സംവിധാനങ്ങളൊന്നും ഇതിൽ ഒരുക്കിയിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ടിവിഎസ് സ്പോർട്ട് ES, ELS എന്നീ രണ്ട് വേരിയന്റുകളിലാണ് വാങ്ങാനാവുക. ഗ്രാഫിക്സിൽ മാത്രമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വരുന്നത്. ഒപ്പം വിലയിലും ചെറിയ മാറ്റമുണ്ട്. ടിവിഎസ് സ്പോർട്ട് ES വേരിയന്റിന് 59,881 രൂപയും സ്പോർട്ട് ELS പതിപ്പിന് 71,785 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മാറ്റങ്ങളോടൊപ്പം ടിവിഎസിന്റെ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ നേരിയ വില വർധനവിനും സാക്ഷ്യംവഹിക്കും. 2025 മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts