Your Image Description Your Image Description

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട കപ്പൽ… ആദ്യ യാത്രയിൽത്തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുകയും 1,517 പേരുടെ മരണത്തിനിടയാകുകയും ചെയ്തു. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് ഇന്ന് 113 വയസ്സ്. 1912 ഏപ്രിൽ 14 ന്‌ ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കുള്ള കപ്പലിന്റെ കന്നി യാത്രയിൽ ആകെയുണ്ടായിരുന്നത് 2,223 യാത്രക്കാരാണ്. അപകടത്തിനു ശേഷം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറ്റ്ലാന്റിക്കിന്റെ 4 കിലോമീറ്ററോളം (3840 മീറ്റർ ) ആഴത്തിലാണത്. അത് കാണാനായി ഇന്നും അറ്റലാന്റിക്കിന്റെ അഴങ്ങളിലേക്ക് സഞ്ചാരികൾ പോകുന്നത് ടൈറ്റാനിക് എത്രത്തോളം മനുഷ്യ മനസ്സുകളിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

ഒരിക്കലും മുങ്ങില്ലെന്ന് അവകാശപ്പെട്ട് നീറ്റിലിറക്കിയ കപ്പലായിരുന്നു ടൈറ്റാനിക്. മുങ്ങിപ്പോകാത്ത തരത്തിലാണ് നിർമാണമെന്നായിരുന്നു കമ്പനിയുടെ വാദം. കപ്പൽ തകർന്നാൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കുന്ന 16 വട്ടർടൈറ്റ് കംപാട്ട്മെന്റുകൾ കപ്പലിൽ ഉണ്ടായിരുന്നു, പക്ഷെ മഞ്ഞുമലയിൽ ഇടിച്ചതോടെ അവയും തകർന്ന് വെള്ളം അകത്തെത്തി. കപ്പൽ നെടുകെ പിളർന്നു. അമിത ആത്മവിശ്വാസം കാരണം ആവശ്യത്തിന് ലൈഫ് ബോട്ടുകളുണ്ടായിരുന്നില്ല. 3320 പേർക്കായി 20 ബോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. അതും മരണ സംഖ്യ ഉയരാൻ കാരണമായി. മോഴ്സ് കോഡുപയോഗിച്ച് അയച്ച മുന്നറിയിപ്പ് സന്ദേശം കൃത്യമായി ലഭിക്കാതിരുന്നതും അപകട കാരണമാണ്.

അപകടത്തിൽ കപ്പൽ തകർന്നപ്പോഴും, ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന സംഗീതജ്ഞർ അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചു. യാത്രക്കാരെ ശാന്തരാക്കാൻ അവർ സംഗീതപരിപാടി തുടർന്നു. കപ്പൽ മുങ്ങിയപ്പോൾ ‘Nearer My God to Thee’ എന്ന ഗാനം അവർ യാത്രികർക്കായി വായിച്ചുകൊണ്ടിരുന്നു. ടൈറ്റാനിക്ക് സിനിമയിലും ഈ രംഗം കാണാം.

ടൈറ്റാനിക് ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ടൈറ്റാനിക്കിനെക്കുറിച്ചുള്ള ഓരോ വാർത്തയ്ക്കും വലിയ പ്രതികരണമാണ്. സമുദ്രശാസ്ത്രജ്ഞനായ റോബർട്ട് ബല്ലാർഡ് ദുരന്തം നടന്ന് 70 വർഷങ്ങൾക്ക് ശേഷം 1985ൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിനും ശ്രമങ്ങൾ നടന്നു. ഇപ്പോഴും അതിനെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്. 113 വർഷങ്ങള്‍ പിന്നിട്ടിട്ടും ടൈറ്റാനിക് ലോകത്തിന് അപൂർവമായ അത്ഭുതമാണ്. കടലിനടിയിലെ കപ്പലിന്‍റെ തകർന്ന ഭാഗങ്ങള്‍ കാണാൻ ആളുകള്‍ ഇന്നും ശ്രമിക്കുന്നതിന് കാരണവും അതാണ്. കാലമെത്ര കഴിഞ്ഞാലും ടൈറ്റാനിക്കും അതിന്റെ ദുരന്തകഥയും എന്നും മനുഷ്യരെ ആകർഷിച്ചു കൊണ്ടിരിക്കും. ജാക്കിന്റെയും റോസിന്റെയും പ്രണയവും ടൈറ്റാനിക് കപ്പൽ ദുരന്തവും മനോഹരമായി പറഞ്ഞ ടൈറ്റാനിക് സിനിമയും അതിന് ഒരു കാരണമാണ്. 2023 ജൂൺ മാസം ടൈറ്റാനിക് സന്ദർശിക്കാൻ അറ്റ്ലാന്റിക്കിനടിയിലേക്ക് പോയ ടൈറ്റൻ എന്ന പേടകം തകർന്ന് 5 പേർ മരിച്ച സംഭവം വീണ്ടും ടൈറ്റാനിക്കിനെ പറ്റിയുള്ള ചർച്ചകൾക്ക് കാരണമായി.

കപ്പലിന്റെ അവശിഷ്ടങ്ങളെ വീണ്ടെടുക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും വിജയിച്ചില്ല. കപ്പലിന്റെ പഴക്കവും അന്നത്തെ സാങ്കേതിക വിദ്യയുടെ ന്യൂനതയും ഭീമമായ സാമ്പത്തിക ചിലവുമായിരുന്നു കാരണം. മാത്രമല്ല കപ്പൽ കിടക്കുന്നിടത്ത് കപ്പലിന്റെ അവശിഷ്ടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥയും രൂപപ്പെട്ടിരിക്കുന്നു. ഇതിൽ പെട്ട ബാക്റ്റീരിയകൾ ദിനം പ്രതി ടൈറ്റാനിക്കിന്റെ 180 കിലോയിലേറെ ഇരുമ്പ് തിന്നു തീർക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ വളരെക്കുറച്ചു വർഷങ്ങൾ മാത്രമേ ടൈറ്റാനിക് കടലിനടിയിൽ അവശേഷിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts