Your Image Description Your Image Description

പലതരം ഫ്‌ളേവറുകള്‍ നിറഞ്ഞ ടൂത്ത് പേസ്റ്റുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ആയുർവേദ ടൂത്ത് പേസ്റ്റുകളിലാണെങ്കിൽ ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ രുചികളാൽ സമൃദ്ധമായി പല നിറങ്ങളിൽ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. കുട്ടികൾക്കൊക്കെ ഭക്ഷണ സാധനങ്ങളുടെ രുചിയിലുള്ള ഫ്‌ളേവറുകൾ ഇഷ്ടവുമാണ്. നമുക്കിഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും. നോൺ വെജ് പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ തന്നെ ഒരു ടൂത്ത് പേസ്റ്റ് എത്തുകയാണ്. കേൾക്കുമ്പോൾ തമാശയെന്ന് തോന്നും. എന്നാൽ, സംഗതി സത്യമാണ്.

കെഎഫ്‌സിയും ഹൈസ്‌മൈലും ചേർന്നാണ് അമേരിക്കയില്‍ ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ടൂത്ത് പേസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ എങ്ങനെ പുതിയ ടൂത്ത് പേസ്റ്റിനെ സ്വീകരിക്കുമെന്ന ആശങ്ക തുടക്കത്തില്‍ നിലനിന്നിരുന്നെങ്കിലും ഫ്രൈഡ് ചിക്കന്‍ പ്രേമികളെ ആകര്‍ഷിച്ച ടൂത്ത് പേസ്റ്റ് വില്‍പനയ്‌ക്കെത്തി ഒരാഴ്ച കഴിയുന്നതിന് മുമ്പേ വമ്പൻ ഹിറ്റായി. ഓണ്‍ലൈനില്‍ വലിയ വിൽപ്പനയാണ് ചിക്കൻ ടൂത്ത് പേസ്റ്റിന് ലഭിച്ചത്. സാധാരണ ഒരു ടൂത്ത് പേസ്റ്റല്ല ഇത്. ഫ്‌ളൂറൈഡ് രഹിതമായ 60 ഗ്രാം ഫ്രൈഡ് ചിക്കനാണ് ഇതിൽ ഉള്ളത്.

13 അമേരിക്കന്‍ ഡോളറാണ്(1,126.90 രൂപ) വിപണി വില. മസാലയോടു കൂടിയ നല്ല ചൂടുള്ള കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കന്‍ കടിക്കുന്ന പോലെയാണ് പുതിയ ടൂത്ത് പേസ്റ്റെന്നാണ് വാങ്ങിയ ഉപഭോകതാക്കളുടെ പ്രതികരണം. റെഡ് വെല്‍വെറ്റ്, ഐസ് പോപ്പ്, കുക്കീസ് ആന്റ് ക്രീം, സ്‌ട്രോബറി ക്രീം തുടങ്ങി വ്യത്യസ്തമായ ഫ്‌ളേവറില്‍ ഹൈസ്‌മൈല്‍ ഇതിന് മുമ്പും ടൂത്ത് പേസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ് ഉപഭോക്താക്കളില്‍ പലരിലും കൗതുകവും സന്തോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ടൂത്ത് പേസ്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts