Your Image Description Your Image Description

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സബ് കോടതി തള്ളി. സംഘടനയുടെ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രികകള്‍ അയോഗ്യത കല്‍പ്പിച്ച് വരണാധികാരി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പത്രിക തള്ളിയതിനെതിരെയും വരണാധികാരിയെ നിയമിച്ചത് നിയമാവലി പ്രകാരമല്ലെന്നും ആരോപിച്ചുള്ള രണ്ട് ഹർജികളാണ് സാന്ദ്ര തോമസ് നല്‍കിയിരുന്നക്. ഇത് രണ്ടും കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാന്ദ്രയുടെ വഴി അടഞ്ഞു. നാളെയാണ് സംഘടനയിലെ തെരഞ്ഞെടുപ്പ്.

ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലിയുമായാണ് തങ്ങള്‍ മുന്നോട്ട് പോയതെന്നാണ് ജി സുരേഷ് കുമാറിന്‍റെ പ്രതികരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ എന്നും പരിഹസിച്ചു.

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളുകയാണ് ഉണ്ടായത്. അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല

Related Posts