Your Image Description Your Image Description

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തന്മാരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

ഇന്നും ഇന്നലെയുമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടർന്ന് പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ രാവിലെ 11.40 ന് ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു. കടയുടെ ലൈസൻസും മറ്റും പരിശോധിച്ചു. ഉടമയുടെ പേരിൽ ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് കടയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തിൽ ദോഷകരമായ ആഹാരസാധനങ്ങൾ വിൽപ്പന നടത്തി ഭക്തർക്കും മറ്റു അസുഖം ബാധിക്കുന്നതിന് കാരണമാക്കിയതിന് കടയുടെ ലൈസൻസിക്കെതിരെ പമ്പാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പ പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടപടികളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts