Your Image Description Your Image Description

വിശക്കുന്നവനെയും വേദനിക്കുന്നവനെയും കൂടെ കരുതുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി , അത് കമ്മ്യുണിസ്റ്റ് ആശയവുമായ് ചേർന്ന് നിൽക്കുന്നുവെന്ന് തോന്നുമെങ്കിലും അതാണ് സത്യം …
മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ മെത്രാസനാധിപൻ ഡോ : യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി പലപ്പോഴും അഭിപ്രായങ്ങൾ വെട്ടി തുറന്ന് മാധ്യമങ്ങളിലൂടെ പറയുന്ന ഒരു വ്യക്തിത്വമാണ് ,

അദ്ദേഹം അത് കൊണ്ട് വിമർശനങ്ങൾ ഒരുപാട് ഏറ്റ് വാങ്ങേണ്ടിയും വരുന്നു , പലപ്പോഴും ഇടത്പക്ഷ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് തന്നെ വിമർശനങ്ങൾക്ക് മൂർച്ചയും കൂടും ,
കഴിഞ 2 മാസത്തിൽ മേലെ ആയി തിരുവനന്തപുരത്ത് നടക്കുന്ന ആശ വർക്കർമാരുടെ സമരം .

അത് എല്ലാവരും അറിഞ്ഞതാണ് , അതിലെ രാഷ്ട്രീയമല്ല , മറിച്ചു ആ സമരത്തിൽ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതുമായ ഒരുപാട് ആശമാർ അവരുടെ നിത്യ ചിലവിന് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് , അതൊരു യാഥാർഥ്യവുമാണ്, പൊതുസമൂഹം സമ്മതിക്കുന്നുമുണ്ട് .

പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തന്നെ ആശമാരുടെ ഓണറെറിയത്തിൽ ഒരു ചെറിയ വർധന എങ്കിലും വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും , സമരത്തിലുണ്ടായിരുന്ന ഒരു ആശ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ നടത്തിയ ഇടപെടൽ ലോകം കണ്ടതുമാണ് ,

ആ ഇടപെടൽ ഒരുപാട് സാമൂഹ്യ സാംസ്ക്കാരിക സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും ആശമാരെ സഹായിക്കുന്നതിനു പ്രേരകവുമായിയെന്നുള്ളത് വ്യക്തമാണ് . ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുതെന്ന് ആണെല്ലോ ക്രിസ്തു നമ്മേ പഠിപ്പിക്കുന്നത് ,

പക്ഷെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരകമാക്കുക ,എന്നത് ഒരു അത്യന്താപേക്ഷിതമായ കാര്യമാണ് , അത് കൊണ്ട് ചിലതൊക്കെ ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ് , അതിനെ ചിലരൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നൊക്കെ പരിഹസിക്കുമ്പോഴും അവരാരും ചെയ്യാത്ത കാര്യമാണ് കാതോലിക്കാ ബാവ ചെയ്യുന്നത് .

അശരണരെയും ആലംബഹീനരെയുമൊക്കെ ചേർത്തുനിറുത്തുന്നത് ദൈവത്തിലേക്കുള്ള വഴി തന്നെയാണ്.
പലരും മറ്റുള്ളവരിൽ നിന്ന് പണം സ്വരൂപിച്ചു ചാരിറ്റി എന്ന ഒമനപേര് ഇട്ട് മാധ്യമങ്ങളിൽ ഫോട്ടോ എടുത്തു കൊടുത്ത് പേരെടുക്കും ,

മറ്റുള്ളവർ ചാരിറ്റിക്ക് വേണ്ടി പണപിരിവ് നടത്തും , ചിലർ പല സ്റ്റെജ് ഷോ നടത്തി പണപിരിവ് നടത്തും , ഇതിൽ നിന്ന് എത്ര കിട്ടിയന്നോ , എത്ര ആർക്ക് കൊടുത്തന്നോ ആരും അറിയാറും ഇല്ല . എന്നാൽ ഡോ : യൂഹാനൊൻ മാർ മിലിത്തോസ് തിരുമേനി അവിടെ വ്യത്യസ്തനായി മാറുകയാണ് ,

ചെറിയ തുക എങ്കിലും അത് 10 പേർക്ക് നൽകാൻ തീരുമാനിച്ചു , അത് അദ്ദേഹത്തിന്റെ സ്വന്തം കയ്യിൽ നിന്ന് തന്നെ , അപ്പോൾ വിമർശിക്കുന്നവർ ചോദിക്കും അത് വിശ്വാസികൾ കൈമുത്ത്‌ കൊടുത്ത പണം അല്ലേ എന്ന് , അതെ ,കൈമുത്ത്‌ കൊടുത്ത പണം തന്നെ ആണ് , അത് കൊടുക്കാൻ മനസ് ഉള്ള എത്ര പേര് നമുക്ക് ചുറ്റുമുണ്ട് ? ആരെങ്കിലും ഉള്ളതായി എവിടെയും കണ്ടില്ല .

കഴുതപുറത്തു സഞ്ചരിച്ച യേശു ക്രിസ്തുവിനെ കുറിച്ചും , ദരിദ്രരുടെ ഇടയിൽ സമ്പന്നന്നായി ജീവിക്കുന്നത് പാപമാണെന്നും കഷ്ടാനുഭവ ആഴ്ചയിൽ ബെൻസിലും ബി എം ഡബ്ല്യുവിലും വന്നിറങ്ങി , പോർട്ടബിൾ എ സി ചുറ്റും വച്ചു ജീവിതത്തിൽ പാവപ്പെട്ടവരോട് കരുണ കാണിക്കാത്ത ചില വൈദീകരുടെ കാൽ കഴുകി കൊണ്ട് പലരും പ്രസംഗിച്ചു , ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലമായതിനാൽ അതെല്ലാം നമ്മൾ ലൈവായി കണ്ടു . , പക്ഷെ എല്ലാവരുടെയും ജീവിതാനുഭവങ്ങൾ , കഷ്ടപ്പാടുകൾ , സഹനങ്ങൾ , തന്റെ കൂടി ആണെന്ന് അംഗീകരിക്കാൻ മനസുള്ളവർ ചുരുക്കം ആണ് .

വേറിട്ട വഴികളിലൂടെ നടന്ന് , മനുഷ്യരെ പിടിക്കുന്നവന്റെ പിൻഗാമി ആവാൻ ഒരു ചെറിയ അംശം എങ്കിലും ഡോ : യൂഹാനോൻ മിലിത്തോസ് തിരുമേനി പല കാര്യങ്ങളിലും കാണിച്ചു തന്നിട്ടുണ്ട് , ക്രിസ്തുമതം പ്രചരിപ്പിക്കൻ ബുദ്ധിമുട്ട് ഉള്ള ഇടങ്ങളിൽ പോലും സഹനങ്ങൾ കൊണ്ട് പള്ളികൾ സ്ഥാപിക്കാൻ ശ്രമിച്ചു , കരുതേണ്ടവരെ കൂടെ കൂട്ടി , ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിറുത്തി ,പക്ഷി മൃഗാധികളെ ഒപ്പം വളർത്തി ,

വിശ്രമ ജീവിതം നയിക്കാൻ സ്വന്തമായ് ഒരിടവും കരുതി , പൊരുതേണ്ടവരോട് പൊരുതുകയും ചെയ്യുന്നു , പലപ്പോഴും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നു , ഒറ്റ കാവി കുപ്പായത്തിൽ , ക്രിസ്ത്യനിയുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് ആശയാഭിപ്രായങ്ങളോടെ പറയുന്ന ഡോ : യൂഹാനോൻ മാർ തിരുമേനിക്ക് കൊടുക്കാം ഇന്നത്തെ ഒരു കുതിരപ്പവൻ .

Leave a Reply

Your email address will not be published. Required fields are marked *

Related Posts