Your Image Description Your Image Description

ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത ഇല്ല. പ്രശ്നങ്ങൾ താൻ തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വിപഞ്ചികയെ നാട്ടിൽ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരൻ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും സഹോദരൻ പറഞ്ഞു.

ഇന്നലെ വൈകിട്ട് 5.40ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനാണ് വിപഞ്ചികയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ഇയാളെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

Related Posts