Your Image Description Your Image Description

മുംബൈ: വിദേശ വിനോദസഞ്ചാരിയെ അസഭ്യം പറഞ്ഞ യുവാക്കൾക്കെതിരെ കേസെടുത്തു. പൂനെയിലെ സിം​ഹ​ഗഢ് കോട്ടയിലാണ് സംഭവം. വിദേശ പൗരനെ അസഭ്യം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. സിം​ഹ​ഗഢ് കോട്ടയിലെത്തിയ ന്യൂസിലാൻഡ് പൗരനെയാണ് ഒരു സംഘം യുവാക്കൾ അസഭ്യം പറയുകയും അത് ഏറ്റുപറയിക്കുകയും ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു.

ന്യൂസിലാൻഡ് പൗരനോട് മറാത്തി ഭാഷയിലാണ് യുവാക്കളുടെ സംഘം അസഭ്യം പറഞ്ഞത്. ഈ വാക്കുകൾ വിദേശപൗരനെ പറയാൻ പഠിപ്പിക്കുകയുമായിരുന്നു. ഭാഷ അറിയാത്തത് കൊണ്ട് തന്നെ യുവാക്കൾ പറയുന്ന വാക്കുകൾ അതുപോലെ ആവർത്തിക്കുകയാണ് വിദേശ പൗരൻ. ഇത് യുവാക്കൾ റെക്കോർഡ് ചെയ്യുകയും പരസ്പരം പരിഹസിക്കുകയും ചെയ്യുന്നു. ഈ വീഡിയോ സമൂഹ​ മാധ്യമങ്ങളിൽ വളരെ വേ​ഗം വൈറലായി. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഇടപെടൽ.

നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു യുവാക്കളുടെ ക്രൂരവിനോദം. വിദേശികൾ പറയുന്നത് കേട്ട് നാട്ടുകാരും ചിരിക്കുന്നുണ്ട്. എന്നാൽ യുവാക്കളെ ശാസിക്കാനോ പ്രതികരിക്കാനോ ആരും തയാറായില്ല. പറയുന്നത് മോശം വാക്കുകളാണെന്ന് അറിയാതെ വിദേശപൗരൻ യുവാക്കൾ പറയുന്നത് പോലെ പറഞ്ഞുകൊണ്ടിരുന്നു. വിനോദസഞ്ചാരിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു യുവാക്കളുടെ പെരുമാറ്റം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കൾക്കെതിരെ കനത്ത വിമർശനങ്ങളാണ് ഉയർന്നത്.

സാഹചര്യത്തെ മുതലെടുക്കരുതെന്നും മനഃപൂർവം ഒരു മനുഷ്യനെ പരിഹസിക്കുന്നത് ദ്രോഹമാണെന്നും ആളുകൾ വിമർശിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്വമേധയായാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തൽ, മനഃപൂർവ്വം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts