Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി എത്തുന്ന മോദി രാജ്ഭവനിൽ താമസിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് വിഴിഞ്ഞും തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് എസ് പി ജി സുരക്ഷ തിരുവനന്തപുരത്ത് ഉടനീളം ഒരുക്കും. വ്യാഴവും വെള്ളിയും തിരുവനന്തപുരത്തിന്റെ വ്യോമ-കടൽ മേഖലകളും സൈനിക നിരീക്ഷണത്തിലാകും. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവ വികാസങ്ങളും കാരണം സമാനതകളില്ലാത്ത നിരീക്ഷണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഗവർണ്ണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിക്കും. മോദിയിൽ നിന്നും കേരളം ഏറെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജൻസും മോദിയുടെ വരവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ്. തിരുവനന്തപുരത്ത് അടിക്കടി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ പരിപാടി അടക്കം അലങ്കോലമാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. അനാവശ്യമായി ഒരാളേയും യോഗ സ്ഥലത്തേക്ക് കടത്തി വിടില്ല. അടിയന്തര സാഹചര്യത്തിൽ മോദിയുടെ യാത്രാ പരിപാടികൾ മാറും. അങ്ങനെ വന്നാൽ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന ക്രമീകരണങ്ങളിലേക്ക് കാര്യങ്ങൾ മാറും. ജ്യത്തിന്റെ വ്യാവസായികചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവർത്തനസജ്ജമായി നാലുമാസത്തിനുള്ളിൽത്തന്നെ ദക്ഷിണേഷ്യയിലെ മുൻനിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുൾപ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടൽ-ആകാശ പരിധിയിൽ നിരീക്ഷണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. കടൽപരിധിയിൽ നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയിൽ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകൾ ഒരുമിച്ചെത്തുക. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. നാവികസേനയുടെ ഒരു സൈനിക കപ്പൽ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ട്രയൽ റൺ 30ന് നടക്കും. മേയ് ഒന്നിനു തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങി രണ്ടിനു രാവിലെ 11ന് എയർഫോഴ്‌സിന്റെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. മൂന്നു ഹെലിപാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള എസ്പിജി (സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) വിഴിഞ്ഞം തുറമുഖത്ത് എത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഹെലിപാഡുകൾ, കമ്മിഷനിങ് ചടങ്ങ് നടക്കുന്ന ബെർത്ത്, ഉദ്ഘാടനയോഗം നടക്കുന്ന വേദി എന്നിവ സന്ദർശിച്ചു നിർദേശങ്ങൾ നൽകി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മോദിയ്ക്കായി പോർട്ട് ഓപ്പറേഷൻ മന്ദിരം (പിഒബി), മുഖ്യ പ്രവേശന കവാടം എന്നിവിടങ്ങളിലാണു പ്രധാന ഹെലിപാഡുകൾ ഒരുക്കിയിട്ടുള്ളത്. ഇതിൽ പിഒബിക്കു സമീപത്തെ ഹെലിപാഡിനാണു മുൻഗണന. അടിയന്തര ലാൻഡിങ്ങിനായി വലിയ കടപ്പുറത്തും ഹെലിപാഡ് ഉണ്ടാകും. തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് പിഒബി മന്ദിരത്തിൽ എത്തി കംപ്യൂട്ടർ നിയന്ത്രിത തുറമുഖ പ്രവർത്തനം വീക്ഷിക്കും. പിന്നീട് ബെർത്തിൽ കമ്മിഷനിങ് നിർവഹിച്ചശേഷം വേദിയിലെത്തി പ്രസംഗിക്കും. ഉദ്ഘാടനവേദി പ്രധാന കവാടത്തിനു സമീപം സജ്ജമാക്കുന്ന ജോലി തുടങ്ങി. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിനു പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts