Your Image Description Your Image Description

ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പ്രതികളായ രണ്ട് പേരെയും ഏറ്റുമുട്ടലിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു

തിങ്കളാഴ്ച വൈകുന്നേരം മാതൃസഹോദരന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെയാണ് അങ്കുർ വർമ, ഹർഷിത് പാണ്ഡെ എന്നിവര്‍ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ഇവർ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ സഹായത്തിനായി നിലവിളിക്കാൻ പോലും സാധിച്ചില്ല.

യുവതിയെ കാണാതെ വന്നതോടെ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ബഹാദൂർപുർ പൊലീസ് പോസ്റ്റിന് സമീപമുള്ള വയലിൽ അവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സംഭവത്തിൻ്റെ ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലഭിച്ച തെളിവുകളും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് രണ്ട് പേരെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇവർ ഇപ്പോൾ ചികിത്സയിലാണ്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പൊലീസ് സൂപ്രണ്ടിന്റെ വീടിന് സമീപമുള്ള ഒരു ക്യാമറയിൽ യുവതി ഓടിപ്പോകുന്നതിൻ്റെയും ബൈക്കിൽ പോകുന്ന ചിലരുടെയും ദൃശ്യങ്ങൾ പതിഞ്ഞതാണ് പ്രതികളെ എളുപ്പം പിടികൂടാൻ പൊലീസിനെ സഹായിച്ചത്

Related Posts