Your Image Description Your Image Description

കൊല്ലം: കഴിഞ്ഞ ദിവസം വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പി ജി മനു കൊല്ലത്തെത്തിയത് ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകാന്‍. കൊല്ലം ജില്ലാ കോടതിക്ക് സമീപം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് മനു വാടകയ്ക്ക് വീടെടുത്തത്. വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരിനൊപ്പമാണ് മനു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മനു എറണാകുളത്തെ വീട്ടില്‍ പോയി വസ്ത്രങ്ങളെടുത്തുവരാന്‍ ജൂനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലത്തെ വീട്ടിലെത്തിയ ജൂനിയര്‍ അഭിഭാഷകനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂവാറ്റുപുഴയ്ക്ക് സമീപം മാമലശേരിയിലെ വസതിയിലെത്തിക്കും.

ഇന്നലെയാണ് ആന്ദവല്ലീശ്വത്തെ വാടക വീട്ടിൽ മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡന കേസിൽ നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പിജി മനു ജാമ്യത്തിൽ ഇരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാമ്യത്തിൽ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയർന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും അഭിഭാഷകൻ മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts