Your Image Description Your Image Description

റായ്പൂർ: പഹൽ​ഗാമിലെത്തിയ നാലുകുടുംബങ്ങളി‌ൽ നിന്നുള്ള 11 പേർ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കമ്പിളി വിൽപ്പനക്കാര​ന്റെ ഇടപെടലിൽ. ഛത്തീസ്ഗഢിൽ നിന്നും കശ്മീരിലെത്തിയ ഈ നാലു കുടുംബങ്ങളെ ഭീകരാക്രമണത്തി​ന്റെ സമയത്ത് ഇയാൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ മഞ്ഞുകാലത്തും ഛത്തീസ്ഗഢിലെ ചിർമിരി ടൗണിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കാനായി എത്താറുള്ള നസ്കാത്ത് അലി എന്ന ഇയാളിൽ നിന്നും ഈ കുടുംബാംഗങ്ങൾ വസ്ത്രങ്ങൾ വാങ്ങാറുണ്ട്.

നാല് കുടുംബങ്ങളിൽ നിന്നുള്ള 11 പേരാണ് കശ്മീരിലെത്തിയത്. മൂന്ന് കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശിവാനിഷ് ജെയിൻ, അരവിന്ദ് അഗർവാൾ, ഹാപ്പി വാദ്‍വാൻ, കുൽദീപ് സ്താപക് എന്നിവരുടെ കുടുംബാംഗങ്ങളാണ് കശ്മീരിലെത്തിയത്. ഏപ്രിൽ 18ന് ഛത്തീസ്ഗഢിൽ നിന്നും യാത്രതതിരിച്ച് ഏപ്രിൽ 21നാണ് ഇവർ പഹൽഗാമിലെത്തിയത്.

ഉരുൾപ്പൊട്ടൽ മൂലം പഹൽഗാമിലേക്കുള്ള പാതയിൽ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. കശ്മീരിലേക്ക് വരുന്ന വിവരം കമ്പിളി വസ്ത്രക്കാരനായ നസ്കാത്ത് അലിയേയും അറിയിച്ചിരുന്നു. ഇവർക്കൊപ്പം നസ്കാത്ത് അലിയും ഉണ്ടായിരുന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ നസ്കാത്ത് അലി നാല് കുടുംബാംഗങ്ങളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts