Your Image Description Your Image Description

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒല ഇലക്ട്രിക്ക് അവരുടെ ആദ്യ ഇവി മോട്ടോർസൈക്കിളായ റോഡ്‌സ്റ്റർ എക്‌സ് പുറത്തിറക്കുന്നത്. ബെംഗളുരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക്കിന് റോഡ്‌സ്റ്റർ എക്‌സ് നിരത്തിലെത്തിക്കുന്ന കാര്യത്തിൽ വീണ്ടും പിഴവു സംഭവിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. 74,999 രൂപ മുതൽ വിലയുള്ള ഒല റോഡ്‌സ്റ്റർ എക്‌സ് ബുക്ക് ചെയ്തവർക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വാർത്താ ഏജൻസി ഐഎഎൻഎസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ഒല റോഡ്‌സ്റ്റർ എക്‌സിന്റെ വിതരണം നീട്ടിവെക്കണ്ടേി വരുന്നത്. ഫെബ്രുവരിയിൽ പറഞ്ഞിരുന്നത് മാർച്ചിൽ റോഡ്‌സ്റ്റർ എക്‌സിന്റെ വിതരണം ആരംഭിക്കുമെന്നായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. പിന്നീട് ഒല തമിഴ്‌നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നും റോഡ്‌സ്റ്റർ എക്‌സ് നിർമിച്ച് വേഗത്തിൽ വിതരണം നടത്തുമെന്ന് അറിയിച്ചു. എന്നാൽ ആ പ്രഖ്യാപനവും ഇപ്പോൾ പാളിയിരിക്കുകയാണ്. ഓഹരി വിപണിയിൽ നൽകിയ വിവരത്തിലാണ് ഒല ഇലക്ട്രിക്ക് റോഡ്‌സ്റ്റർ എക്‌സിന്റെ വിതരണം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഒല ഇലക്ട്രിക്ക് നേരത്തെയും പല വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് ഫെബ്രുവരിയിൽ ഉയർന്ന വിൽപനയുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്ന ആരോപണമായിരുന്നു. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിനു നൽകിയ കത്തിൽ 1,395 റോഡ്‌സ്റ്റർ എക്‌സ് ബുക്കിങുകളേയും വിൽപനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് ഒല ഇലക്ട്രിക്ക് സമ്മതിച്ചത്. ഒരൊറ്റ റോഡ്‌സ്റ്റർ എക്‌സ് പോലും ഇതുവരെ ഉടമകൾക്ക് കൈമാറാതിരിക്കുമ്പോഴായിരുന്നു ഒല ഇലക്ട്രിക്കിന്റെ ഈ വ്യാജ അവകാശവാദം. ഒല റോഡ്‌സ്റ്റർ എക്‌സ്, ഒല റോഡ്‌സ്റ്റർ എക്‌സ്+ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഒല ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കുന്നത്. 2.5kWh, 3.5kWh, 4.5kWh എന്നിങ്ങനെ മൂന്നു ബാറ്ററി പാക്ക് ഓപ്ഷനുകൾ. മൂന്നു ബാറ്ററി പാക്കുകളും 9.4 ബിഎച്ച്പി കരുത്തുള്ള 7 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോറുമായിട്ടാണ് ബന്ധിപ്പിക്കുക. പരമാവധി വേഗത 118 കിലോമീറ്റർ. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗതയിലേക്കു കുതിക്കാൻ 3.1 സെക്കൻഡ് മതി. 4.5 കിലോവാട്ട് വകഭേദത്തിന്റെ റേഞ്ച് 252 കിലോമീറ്റർ. റോഡ്‌സ്റ്റർ എക്‌സ്+ 4.5 kWh, 9.1kWh ബാറ്ററി പാക്കുകളിലാണ് ലഭ്യമാവുക. 14.75 ബിഎച്ച്പി കരുത്തു പുറത്തെടുക്കുന്ന 11 കിലോവാട്ട് മോട്ടോറാണ് റോഡ്‌സ്റ്റർ എക്‌സ്+ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറിൽ 125 കിലോമീറ്റർ. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗതയിലേക്കെത്താൻ 2.7 സെക്കൻഡ് മതി. 4.5 കിലോവാട്ട് വകഭേദത്തിന് 252 കിലോമീറ്ററാണ് റേഞ്ച്. 9.1 കിലോവാട്ട് വകഭേദത്തിലെ കൂടുതൽ ആധുനികമായ 4680 ഭാരത് സെൽ ബാറ്ററി 501 കിലോമീറ്റർ റേഞ്ച് നൽകും. റോഡ്‌സ്റ്റർ എക്‌സ് 2.5 കിലോവാട്ടിന് തുടക്കകാല ഓഫറായി 74,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. പിന്നീട് വില 89,999 രൂപയിലേക്ക് വർധിക്കും. റോഡ്‌സ്റ്റർ എക്‌സ് 3.5കിലോവാട്ടിന് 84,999 രൂപ(99,999), റോഡ്‌സ്റ്റർ എക്‌സ് 4.5 കിലോവാട്ടിന് 94,999 രൂപ(1,09,999) എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. റോഡ്‌സ്റ്റർ എക്‌സ്+ 4.5 കിലോവാട്ടിന് തുടക്കകാല ഓഫറിൽ 1,04,999 രൂപയും റോഡ്‌സ്റ്റർ എക്‌സ്+ 9.1 കിലോവാട്ടിന് 1,54,999 രൂപയുമാണ് വില. പിന്നീട് ഈ മോഡലുകൾക്കും 15,000 രൂപയുടെ വിലവർധനവുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts