Your Image Description Your Image Description

സ്റ്റാലിൻ മന്ത്രിസഭയിൽ ആറാം തവണയും അഴിച്ചു പണി. രണ്ട് മന്ത്രിമാര്‍ രാജി വച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജി വച്ചത്. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് സെന്തിൽ ബാലാജിയുടെ രാജി. ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതിനെ തുടര്‍ന്നാണ് കെ പൊന്മുടിയുടെ രാജി.

2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിലായിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അറസ്റ്റും ജയില്‍വാസവും. ജയിലിലായി ആറ് മാസത്തിനുശേഷമാണ് സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് താന്‍ മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയതും സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയായി. ഇത് ചോദ്യംചെയ്തുളള ഹര്‍ജികളിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. നേരത്തെ അഴിമതിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു കെ പൊന്മുടിക്കെതിരേ കേസെടുത്തത്. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. പിന്നാലെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൊന്മുടിയെ നീക്കം ചെയ്തിരുന്നു.

ഇരുവരുടെയും രാജിക്ക് പിന്നാലെ മനോ തങ്കരാജും രാജാകണ്ണപ്പനും മന്ത്രിസഭയിലെത്തും. നാളെ വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞ നടക്കുന്നത്. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts