Your Image Description Your Image Description

തിരുവനന്തപുരം: സർക്കാരിന്‍റെ അപൂർവ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാകാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. പല രോഗങ്ങൾക്കും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നതിനാൽ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തിൽ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങൾക്കായി നൽകുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂർവ രോഗങ്ങൾക്കെതിരെ, ഈ കുഞ്ഞുങ്ങൾക്കായി നമുക്ക് ഒന്നിച്ച് ചേരാമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സർക്കാർ ബജറ്റിലൂടെ മാത്രം നിർവഹിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം ഇത്തരം ചികിത്സയ്ക്കുള്ള ഒരു വയൽ മരുന്നിന് 6 ലക്ഷം രൂപയിലധികമാകും. സംസ്ഥാനത്ത് നിലവിലുള്ള എസ്എംഎ, ഗ്രോത്ത് ഹോർമ്മോൺ, ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ എന്നിങ്ങനെയുള്ള അപൂർവ രോഗങ്ങൾക്ക് സംസ്ഥാന സർക്കാർ കെയർ പദ്ധതിയുടെ ഭാഗമായി അനേകം കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്.

വിഷു കൈനീട്ടത്തിന്റെ ഭാഗമായി എസ്എംഎ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്യുവർ എസ്എംഎ എന്ന സംഘടനയുടെ വിഷു കൈനീട്ടമായ 25 ലക്ഷം രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് സംഘടനാ പ്രതിനിധി രജിത്ത് കൈമാറി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കെയർ പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ സന്നിഹിതരായി.

നിലവിൽ അപൂർവ രോഗങ്ങൾക്ക് പുതിയ ചികിത്സാ മാർഗങ്ങളും മരുന്നുകളും ആഗോളതലത്തിൽ വികസിപ്പിച്ച് വരുന്നുണ്ട്. ഇത്തരം ചികിത്സകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യം. കോടികൾ ചെലവ് വരുന്ന ഇത്തരം ചികിത്സകൾ കൂടുതൽ പേർക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

വിഷുകൈനീട്ടം അയയ്ക്കേണ്ട അക്കൗണ്ട് നമ്പർ: 39229924684

IFSC Code: SBIN0070028

Leave a Reply

Your email address will not be published. Required fields are marked *

Related Posts