Your Image Description Your Image Description

കാസര്‍കോട്: കുടിവെള്ള പദ്ധതിക്കായി മണ്ണ് നീക്കിയപ്പോൾ കണ്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളും അസ്ഥികളും. കാസര്‍കോട് ബന്തടുക്ക മാണിമൂലയിലാണ് മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതുന്ന ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളത്തിനായുള്ള പൈപ്പ് സ്ഥാപിക്കാനാണ് മാണിമൂലയിൽ കുഴിയെടുത്തത്. ഇവിടെ നിന്നും കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിന് കൈമാറി.

ബി സി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ ഉപയോഗിച്ചിരുന്ന നോര്‍ത്തേണ്‍ ബ്ലാക് പോളിഷ്ഡ് ഇനത്തില്‍പ്പെട്ട മണ്‍പാത്രം, നാല് കാലുകള്‍ ഉള്ള അഞ്ച് മണ്‍പാത്രങ്ങള്‍, ഇരുമ്പ് ആയുധ അവശിഷ്ടങ്ങള്‍, നന്നങ്ങാടിയുടേതെന്ന് കരുതുന്ന അടപ്പ് തുടങ്ങിയവാണ് കിട്ടിയത്. ഇവയ്ക്കൊപ്പം അസ്ഥി കഷണങ്ങളും ലഭിച്ചിട്ടുണ്ട്. വലിയൊരു പാത്രത്തിന്‍റെ അടിഭാഗത്ത് നിന്നാണ് എല്ലിന്‍ കഷണങ്ങള്‍ കിട്ടിയത്.

മണ്ണിനടിയില്‍ വലിയ ഭരണിയുടെ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് മാണിമൂലയിലെ ചരിത്ര ശേഷിപ്പുകള്‍. ഇതിന് സമീപത്തായി മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ലറയുമുണ്ട്. അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കിയാല്‍ മഹാശിലാ കാലഘട്ടത്തിലെ സംസ്ക്കാരത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചരിത്രാവശിഷ്ടങ്ങള്‍ മുഴുവനും പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts