Your Image Description Your Image Description

ന്യൂഡൽഹി: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി നൽകണം എന്നാവശ്യപ്പെട്ട് കശ്മീർ ജനതയും രാഷ്ട്രീയ പാർട്ടികളും രം​ഗത്ത് എത്തിയിരുന്നു. ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തിൽ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും ഈ ജനവികാരത്തിനൊപ്പം നിൽക്കുകയാണ്. മഹബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ ഇത്തരം ആക്രമങ്ങൾ കശ്മീരികൾക്കെതിരെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി.

ജമ്മുവിൽ നടന്ന റാലിയിൽ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി. മറുപടി ഹീന ആക്രമണം നടത്തിയ ഭീകരരിൽ ഒതുങ്ങില്ല എന്ന സന്ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് വ്യോമസേനയുടെ പരിപാടിയിൽ നൽകിയത്. 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവർക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു. ഇതിനിടെ, ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്.

ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ദില്ലിയില്‍ തിരിച്ചെത്തും. ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts