Your Image Description Your Image Description

പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എൻഐഎ അറിയിച്ചു. കേരളത്തിലടക്കം എൻഐഎ സംഘമെത്തും. ഇതിനിടയിൽ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക്കിസ്ഥാൻ സൈന്യത്തിലെ കമാൻഡോയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഭീകരരിൽ ഒരാളായ ഹാഷിം മൂസയാണ് പാക്കിസ്ഥാൻ സൈനികനായിരുന്നെന്ന വാർത്തകൾ പുറത്തുവരുന്നത്. ഒന്നര വർഷം മുമ്പ് രണ്ട് പാക്കിസ്താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസ പഹൽഗാം ആക്രമണത്തിലെ സൂത്രധാരൻമാരിൽ ഒരാളാണ്. ഇയാൾ പാക്സൈന്യത്തിന്റെ പാരാ കമാൻഡോ ആയിരുന്നുവെന്നാണ് വിവരങ്ങൾ. ഇയാൾ പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്‌കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹൽഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ. മൂസ 2024 ഒക്ടോബറിൽ നടന്ന സോനാമാർഗ് ടണൽ ആക്രമണത്തിൽ ഉൾപ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ആക്രമണത്തിലുൾപ്പെട്ട ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറിൽ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിന്നാണ് മൂസയും ടണൽ ആക്രമണത്തിൽ പങ്കാളി ആയിരുന്നുവെന്ന് കണ്ടെത്തിയത്. ഭീകരവാദികൾക്ക് കശ്മീരിൽ നിന്ന് പ്രദേശവാസികളുടെ സഹായം കിട്ടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഭീകരർക്ക് സഹായങ്ങൾ നൽകുന്ന 15 പേർ ഇവർക്ക് വഴികാട്ടികളായെന്നും ലോജിസ്റ്റിക് സഹായം അടക്കം ചെയ്തുനൽകിയെന്നുമുള്ള വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ഇന്ത്യയിലേക്ക് അതിർത്തിയിലെ കമ്പിവേലി മുറിച്ചാണ് നുഴഞ്ഞുകയറിയത്. തുടർന്ന് ഇവർ പല ഭീകരാക്രമണങ്ങളിലും പങ്കെടുത്തിരുന്നു. പലതവണയായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരവാദികളിൽ ചിലരെ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ വധിച്ചിരുന്നു. മൂസയുൾപ്പെടെയുള്ള മറ്റ് ഭീകരവാദികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹൽഗാമിലെ ഭീകരർ തന്നെയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഭീകരർ നിലവിൽ ദക്ഷിണ കശ്മീരിൽ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജൻസികളുടെ അനുമാനം. ഭീകരർക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീർ താഴ്‌വരയിൽ നടക്കുന്നത്. സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം കുൽഗാം വനേമേഖലയിൽ വെച്ച് ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ഇവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക് സാധിച്ചിരുന്നു. അതേസമയം കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിയുതിർത്തു. ടുട്മാറി ഗലി, റാംപുർ സെക്ടർ എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായി കരസേന അറിയിച്ചു. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിയുതിർക്കുന്നത്. പൂഞ്ച് സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇതാദ്യമാണ്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts