Your Image Description Your Image Description

ആരോഗ്യത്തിന് ഏറ്റവും മികച്ച വിഭവമാണ് ഇലക്കറികൾ. പലരുടെയും അടുക്കള തോട്ടത്തിലെ ഒരു പ്രധാന കൃഷിയുമാണ് ചീര. ഏതു കാലാവസ്ഥയിലും അത്യാവശ്യം വിളവ് തരുന്നവയാണ് ചീര. ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും മറ്റ് കൃഷികൾ അപേക്ഷിച്ച് പരിചരണം വളരെ എളുപ്പമായതുമായ ഒരു വിളയാണ് ചീര. ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്.

പച്ചച്ചീര ഇലപ്പുള്ളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. അരുണ്‍, മോഹിനി, കൃഷി ശ്രീ, രേണു ശ്രീ, C O 1, കണ്ണാറ നാടന്‍ ഇവയെല്ലാം കേരളത്തില്‍ സുലഭമായി കൃഷി ചെയ്യുന്ന ചീര ഇനങ്ങളാണ്. ഈ പറഞ്ഞ ഇനങ്ങളില്‍ അത്യുത്പാദന ശേഷിയുള്ള ചുവന്നയിനം ചീരയാണ് അരുണ്‍. പച്ച നിറമുള്ള ഇലകള്‍ കാണപ്പെടുന്ന മോഹിനിയും നമ്മള്‍ സുലഭമായി കൃഷി ചെയ്യുന്നുണ്ട്. ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ള കൃഷി ശ്രീ ഇനം ഇലപ്പുള്ളി രോഗം ചെറുക്കുന്ന ചീരയിനമാണ്. പച്ച ഇലകളും, ചുവന്ന തണ്ടു കാണപ്പെടുന്ന രേണു ശ്രീ ഇനം നമ്മുടെ കാലാവസ്ഥയ്ക്ക് നല്ല അനുയോജ്യമായ ഇനമാണ്. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരേ ഒരു ഇനം കണ്ണാറ നാടന്‍ ആണ്.

ചുവപ്പു നിറമുള്ള ഇലകള്‍ തരുന്ന ഈ ഇനം നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് നമ്മള്‍ ക്രമീകരിക്കേണ്ടി വരും. പച്ച നിറത്തിലുള്ള ഇലകള്‍ തരുന്ന ഇനമാണ് സി.ഒ. 1. പൊതുവേ ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്‌. തുടര്‍ച്ചയായി വിളവെടുക്കുന്നതു കൊണ്ട് പുതിയ തളിര്‍പ്പുകളില്‍ ഇലകളുടെ വളര്‍ച്ച പൂര്‍ത്തിയായാല്‍ വീണ്ടും വിളവെടുപ്പു നടത്താം. ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാര്‍ക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. വിജയകരമായ ചീരകൃഷിക്ക് ചില പ്രത്യേക ഘട്ടങ്ങളിലെ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്പോള്‍ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും.

തയ്യാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകല്‍ നടത്തേണ്ടത്. വിത്തുപാകിയശേഷം പൂപ്പാട്ട കൊണ്ടോ കൈകൊണ്ട് നേര്‍മ്മയായി തളിച്ചോ നനച്ച് കൊടുക്കുമ്പോള്‍ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളില്‍ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേര്‍ത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്. വിത്ത് മുളച്ച് ആദ്യത്തെ ഇലകള്‍ വിരിയുന്നതുവരെയുള്ള 5-10 ദിവസത്തെ നനയുടെ രീതി, അളവ്, വെള്ളം ചെറുതൈകളില്‍ വീഴുന്നതിന്റെ ആഘാതം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനാവശ്യമായ നനയാണ് വേണ്ടത്. പൂപ്പാട്ട കൊണ്ടോ, ഹോസിന്റെ അറ്റത്ത് ഷവര്‍ പിടിപ്പിച്ച് വെള്ളം, നേര്‍ത്ത മഴച്ചാറല്‍പോലെ കിട്ടുന്നവിധത്തിലോ വേണം നനച്ചുകൊടുക്കാന്‍. വേനല്‍ക്കാല മാസങ്ങളില്‍ ദിവസം രണ്ടുനേരം നനക്കേണ്ടിവരും. അല്ലാത്ത സീസണുകളില്‍ ദിവസത്തില്‍ ഒരു തവണ നനച്ചാല്‍ മതി.

കേരളത്തിലെ വേനലിനെ നേരിടാനുള്ള കരുത്തുണ്ട് കുഞ്ഞുചീരച്ചെടികള്‍ക്ക്. മണ്ണില്‍ ആവശ്യത്തിന് പോഷകവും ഈര്‍പ്പവും വേണമെന്നുമാത്രം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ നിന്നും മണ്ണിന്റെ പോഷകഗുണം മനസ്സിലാക്കാം. പൂർണമായും ജൈവരീതിയില്‍ ചീര കൃഷിചെയ്യാൻ കഴിയും. നല്ല വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചീരത്തടത്തില്‍ നിന്നും ഓരോ 10 ദിവസം കഴിയുമ്പോളും വിളവെടുപ്പു നടത്താം. ഓരോ വിളവെടുപ്പിനുശേഷവും ചാണകം കലക്കിയ സ്ലറിയോ 10 ഇരട്ടി നേര്‍പ്പിച്ച ഗോമൂത്രമോ മാത്രം വളമായി ഒഴിച്ചുകൊടുത്തുകൊണ്ട് വിജയകരമായി ചീരകൃഷി ചെയ്യാം. ഗ്രോബാഗില്‍ ചീരകൃഷി ചെയ്യുമ്പോള്‍ ധാരാളം വെയില്‍ കിട്ടുന്ന സ്ഥലത്ത് ബാഗുകള്‍ സജ്ജീകരിക്കാം. ചെടികളുടെ വളര്‍ച്ചാ കാലത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കുകയും ചെയ്യാം. ടെറസ്സ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചീര.

മഴക്കാല സീസണില്‍ വിത്തുമുളപ്പിക്കലും ചെറിയ തൈകളെ മഴയുടെ ആഘാതത്തില്‍ നിന്നു രക്ഷിക്കലുമാണ് രണ്ടു പ്രധാന വെല്ലുവിളികള്‍. നേരിട്ടു മഴ പതിക്കാത്ത സണ്‍ഷേഡ്/ഇറമ്പിനു കീഴേ ഗ്രോബാഗുകളില്‍ ആവശ്യമുള്ളത്ര തൈകള്‍ വളര്‍ത്തി എടുക്കാം. ഏറ്റവും കൂടുതല്‍ പ്രകാശം കിട്ടുന്നതും എന്നാല്‍ മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്ത് ഗ്രോബാഗുകള്‍ വെക്കാന്‍ ശ്രദ്ധിക്കുക. തൈകള്‍ മഴയെ അതിജീവിക്കാനുള്ള കരുത്തുനേടി എന്നുറപ്പായാല്‍ പറിച്ചുനടാം. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേര്‍ത്ത് തയ്യാറാക്കിയശേഷം തൈകള്‍ 30 സെ.മീ. അകലത്തില്‍ നടാം. ഇത്തരത്തില്‍ മണ്ണുനിറച്ച് തയ്യാറാക്കിയ ഗ്രോബാഗുകളിലും തൈകള്‍ നടാം. നന്നായി നനവ് കിട്ടിയാലേ തൈകൾക്ക് ഊർജ്ജം ഉണ്ടാകു. വർഷാദ്യം തുടങ്ങി മെയ് വരെയുള്ള സമയങ്ങളില്‍ ചീരകളിൽ പൂങ്കുല രൂപപ്പെടും. ഈ സമയത്ത് വിളവെടുക്കാന്‍ വൈകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിലെ ആവശ്യങ്ങൾക്ക് ശേഷം വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചീര. ഏതുസമയത്തും ഡിമാന്റുള്ള ചീര കൃഷി ആദായകരമാക്കാനും കഴിയും.

കീടങ്ങള്‍, വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ എന്നിവ ചീരയെ ആക്രമിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഇതില്‍ കൂടുകെട്ടി പുഴുക്കള്‍ എന്ന വിഭാഗം ഇലകള്‍ കൂട്ടിയോജിപ്പിച്ച് കൂടു കെട്ടുകയും അതിനു മുകളില്‍ ഇരുന്ന് തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗമായ ഇലതീനി പുഴുക്കള്‍ ചീരയുടെ ഇല മുഴുവന്‍ തിന്നു നശിപ്പിക്കുന്നു. പുഴുക്കളോടു കൂടി ഇലകള്‍ പറിച്ചെടുക്കുക എന്നതു മാത്രമാണ് നമുക്ക് ആദ്യപടി ചെയ്യാനുള്ള നിയന്ത്രണ മാര്‍ഗ്ഗം. ആക്രമണം കണ്ടു തുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരു സത്ത് 5 % തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ, പെരുവലത്തിന്റെ ഇലച്ചാര്‍ സോപ്പു വെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യാം. ചീരകളുടെ ഇലകളില്‍ അടിവശത്തും മുകള്‍ പരപ്പിലും ഒരുപോലെ പുള്ളികള്‍ കാണപ്പെടുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണപ്പെടാറ്. സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് രോഗം നിയന്ത്രിക്കേണ്ടതാണ്. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള C O 1 കൃഷി ചെയ്യുക. ചുവന്ന ചീര മാത്രം കൃഷി ചെയ്യാതെ പച്ച ചീരയായ C O 1 മായി ഇടകലര്‍ത്തി കൃഷി ചെയ്യുക. വിത്ത് സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തി നടുക. ട്രൈക്കോഡര്‍മ – വേപ്പിന്‍ പിണ്ണാക്ക്, ഘനജീവാമൃതം എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. ചീര നനക്കുമ്പോള്‍ വെള്ളം മുകളില്‍ ഒഴിക്കാതെ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts