Your Image Description Your Image Description

ദിവസം മുഴുവൻ ആയുധധാരികളായ പരിശീലനം ലഭിച്ച സൈനികരുടെ സുരക്ഷയും മേൽനോട്ടവും. ജോലിക്ക് സർക്കാർ നിയോഗിച്ച ആളുകൾ. ഒരാവശ്യത്തിനും വീടിന് പുറത്തേക്ക് പോകേണ്ട സാഹചര്യം ഇല്ല. പ്രാർത്ഥിക്കാൻ വീടിന്റെ കോമ്പൗണ്ടിൽ തന്നെ മസ്ജിദ്, ബോറഡിക്കുമ്പോൾ പോയി ഇരിക്കാൻ പാർക്ക്. ഏതെങ്കിലും വിപിഐപിയ്ക്ക് ഒരുക്കിയ സൗകര്യങ്ങളാണെന്ന് ചിന്തിച്ചുവോ ?അതെ വിപിഐപിയ്ക്ക് തന്നെയാണ്, പാകിസ്താന്റെ വിപിഐപിയ്ക്ക് അവർ ഒരുക്കിയ സൗകര്യങ്ങളുടെ ലിസ്റ്റാണിത്. ഹാഫിസ് സയിദിന്റെ വീട് ലാഹോറിലാണെന്ന് അറിയാമെങ്കിലും ആ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ പാകിസ്താൻ സർക്കാർ പിഴയില്ലാത്ത സുരക്ഷയാണ് ലഷ്‌കർ ഇ ത്വയ്ബ തലവന് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്നതിന് നടുവിലാണ് സായിദിന്റെ കെട്ടിടം. സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് 24 മണിക്കൂർ സുരക്ഷയേറിയ വീട്ടിലാണ് സായിദ് ഒളിച്ചുതാമസിക്കുന്നത്. പ്രധാനമായും വീടുള്ള സമുച്ചയം മൂന്നായി തിരിച്ചിരിക്കുന്നു. വീടും അതിനടുത്ത് വലിയൊരു പള്ളിയും മദ്രസയുമുണ്ട്. ഇതിനൊപ്പം പുതുതായി നിർമ്മിച്ച വലിയൊരു പാർക്കുണ്ട് അടുത്ത്. ഇവിടെ സായിദിന് വേണ്ട എല്ലാ സൗകര്യവും പാകിസ്താൻ സർക്കാർ ഒരുക്കി.നിലവിൽ ഇന്ത്യയടക്കം രാജ്യങ്ങളെ പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത് വിവിധ കേസുകളിൽ സായിദ് ജയിൽശിക്ഷ അനുഭവിക്കുകയാണെന്നാണ്. എന്നാൽ ആ വാദമെല്ലാം തെറ്റാണെന്ന് സ്ഥലത്തെ സുരക്ഷയും പുതിയ ക്രമീകരണങ്ങളും സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തിരയുന്ന തീവ്രവാദി എങ്ങനെ ഒളിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും ദേശീയമാദ്ധ്യമം പുറത്തുവിട്ടു. ഹാഫിസിനെ സംരക്ഷിക്കാൻ തങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ഇയാളുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സ്ഥലം 24ഃ7 സുരക്ഷയിലാണ് ഉള്ളത്. ഉപഗ്രഹ ചിത്രത്തിൽ മൂന്ന് പ്രോപ്പർട്ടികൾ കാണിക്കുന്നു: ഭീകരന്റെ വസതി, പള്ളിയും മദ്രസയും ഉൾപ്പെടുന്ന ഒരു വലിയ കെട്ടിടം, ഹാഫിസിനായി സ്വകാര്യ സൗകര്യങ്ങളുള്ള പുതുതായി സൃഷ്ടിച്ച സ്വകാര്യ പാർക്ക് എന്നിവയാണ് ഉള്ളത്. മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിൽ പ്രതിയായ സയീദ്, ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാരനാണെന്നും കരുതപ്പെടുന്നു.ഇയാളുടെ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണം ഏറ്റെടുത്തിരുന്നു, ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റവും ഉയർന്ന നയതന്ത്ര സംഘർഷങ്ങൾക്ക് കാരണമായി. തീവ്രവാദത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 77കാരനായ സായിദ് ജയിൽ ശിക്ഷ അനുഭവിക്കുന്നതായി പാകിസ്ഥാൻ പറയുന്നത്. ഇന്ത്യയുടെ രഹസ്യ ഏജൻസികൾക്ക് സായിദ് വീട്ടിലുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞമാസം സായിദിന്റെ അടുത്ത അനുയായിയും സംഘടനയിലെ പ്രമുഖനുമായ അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഝലം സിദ്ധിൽ വച്ചാണ് പൂഞ്ച് ഭീകരാക്രമണത്തിലെ ബുദ്ധികേന്ദ്രമായ അബു ഖത്തൽ കൊല്ലപ്പെട്ടത്. ഇതോടെ പാകിസ്ഥാൻ ഹാഫിസ് സായിദിന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഐഎസ്ഐ നേരിട്ട് സായിദിന്റെ സുരക്ഷ വിലയിരുത്തുകയും അയാളുടെ വീട് സബ് ജയിലായി മാറ്റുകയും ചെയ്‌തിരുന്നു. ഖത്തൽ കൊല്ലപ്പെട്ട ചടങ്ങിൽ സായിദ് പങ്കെടുക്കാതിരിക്കാൻ ഐഎസ്ഐ ശക്തമായി ഇടപെട്ടിരുന്നു. ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ ഫറൂഖ് അഹ്‌മദ് ആണ് പെഹൽഗാം ആക്രമണത്തിൽ മുഖ്യപങ്ക് വഹിച്ചയാളെന്നാണ് ദേശീയ സുരക്ഷാ ഏജൻസി അറിയിക്കുന്നത്. പാക് അധിനിവേശ കാശ്‌മീരിൽ ആണ് ഫറൂഖ് കഴിയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കാശ്‌മീരിൽ വിവിധ ആക്രമണങ്ങൾ നടന്നതിന് പിന്നിൽ ഫറൂഖ് അഹ്‌മദ് ആണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts