Your Image Description Your Image Description

‘ചുമ്മാതിരുന്ന ചൊറിയിൽ ചുണ്ണാമ്പു തേച്ച് കുളമാക്കുക” എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാക്കി കൂട്ടത്തോടെ മാന്തി രസിക്കുകയാണ് കോൺഗ്രസുകാർ. ആസ്വദിച്ചു ചൊറിയുമ്പോൾ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറിപ്പോകുമെന്ന കാര്യം ഗാന്ധിയന്മാർ മറന്നുപോകുന്നു.

ബ്രണ്ണൻ കോളേജിൽ പയറ്റിത്തെളിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കളെ ഒഴിവാക്കി വിനയവും വഴക്കവും വിധേയത്വവുമുള്ള, ലക്ഷണമൊത്ത ക്രിസ്ത്യാനിയായ ഒരാളെ ആ കസേരയിൽ ഇരുത്തണമെന്നാണ് മൂപ്പൻമാരുടെ ആഗ്രഹം.

വേണമെങ്കിൽ പൊയ്‌ക്കോളാം, നാറ്റിച്ച് പുറത്താക്കരുത് എന്ന അപേക്ഷയുമായി സുധാകർജി ഹൈക്കമാൻഡിന്റെയും എ.കെ. ആന്റണിയുടെയും അടുത്തെത്തിയെങ്കിലും വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസിൽ ഒരാളെ ഒഴിവാക്കുന്നതിന് ചില രീതികളുണ്ട്. കഴിയുന്നത്ര നാറ്റിച്ച് രാജകീയമായി യാത്രയാക്കുക. അതു പാലിച്ചേ പറ്റൂ.

ലീഡർ കരുണാകരനും എ.കെ. ആന്റണിക്കും പണ്ട് ഡൽഹിക്ക് കെട്ടുകെട്ടേണ്ടിവന്നതും ഇതേ രീതിയിലാണ്. സുധാകരൻ നല്ല തങ്കപ്പെട്ട മനുഷ്യനാണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കോ ഹൈക്കമാൻഡിന്റെ വാർറൂം മേധാവിക്കോ ലവലേശം സംശയമില്ല.

പക്ഷേ,​ എല്ലാറ്റിനും ഒരു സമയമില്ലേ ദാസാ എന്നാണ് ചോദ്യം. മൂപ്പർക്ക് പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കൂടിയെന്നാണ് കണ്ടെത്തൽ. പാർട്ടി വേദികളിലേക്ക് തിരക്കിട്ട് ഓടുമ്പോൾ തട്ടിവീഴാൻ സാദ്ധ്യതയുണ്ടത്രേ. പാർട്ടി സമ്മേളനത്തിൽ ഒരു പ്രമുഖൻ കടന്നുവന്നപ്പോൾ, മൈക്ക് ഓണാണെന്നറിയാതെ സുധാകർജി ചില ‘സംസ്‌കൃത” പ്രയോഗങ്ങൾ നടത്തിയ കേസാണ് ലേശം ക്ഷീണമായത്.

ഇഷ്ടം കൂടുമ്പോഴല്ലേ കുട്ടാ ,വായിൽ ‘സംസ്‌കൃതം” വരികയെന്ന് ഏറ്റുപറഞ്ഞതോടെ ആ കേസ് ‘കോംപ്ലിമെന്റ്‌സായി”. സകല പ്രയോഗങ്ങളും പാളിയപ്പോഴാണ്, പ്രായമായതുകൊണ്ട് മാറ്റാമെന്ന പുതിയ തന്ത്രവുമായി ചിലർ രംഗത്തെത്തിയതെന്ന് സുധാകരൻ പറയുന്നതിൽ കാര്യമില്ലാതില്ല.

മെയ്യ് കണ്ണാക്കിയ അഭ്യാസിയെ ലൊട്ടുലൊടുക്ക് മർമ്മാണി പ്രയോഗങ്ങൾ കൊണ്ടു വീഴ്ത്താനാവില്ലെന്നു ബോദ്ധ്യമായപ്പോൾ ആഭിചാരം നടത്തി സ്ഥിരമായി കിടത്താൻ നോക്കിയത് ആരും മറന്നിട്ടില്ല. ഇതിനു മുൻപൊരു കെ.പി.സി.സി പ്രസിഡന്റിനും ഈ ഗതിയുണ്ടായിട്ടില്ല. ലോഡുകണക്കിന് കോഴിത്തലകളാണ് സുധാകർജിയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

കൂടെ കുറേ തകിടുകളും. ഇതിനായി കർണാടകത്തിൽനിന്നു വരെ കോഴികളെ എത്തിച്ചെന്ന് സുധാകർജിയുടെ സി.ഐ.ഡിമാർ കണ്ടെത്തിയിരുന്നു. തലപോയ കോഴികളുടെ ബോഡി, ബിരിയാണിയാക്കി കഴിച്ചവരെയും മൂപ്പർക്ക് പിടികിട്ടി. രാജ്‌മോഹൻ ഉണ്ണിത്താൻജിയുടെ നേതൃത്വത്തിലാണ് കോഴിത്തലകൾ പെറുക്കിയെടുത്ത് പറമ്പ് വൃത്തിയാക്കിയത്.

നെറ്റിയിലെ കുറി പോയെങ്കിലും കുറിക്കുകൊള്ളുന്ന നീക്കങ്ങളിൽ മിടുമിടുക്കനാണ് ഉണ്ണിത്താൻ. സഖാക്കളോ, സംഘികളോ ഇത്രയും ശത്രുത കാട്ടില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞപ്പോൾ സുധാകർജി പൊട്ടിക്കരഞ്ഞുപോയി.

അതിൽപ്പിന്നെ, ക്ഷീണവും ശരീരവേദനയും വിട്ടുമാറുന്നില്ലെന്ന് പലരോടും പറഞ്ഞതാണ് പുലിവാലായത്. വയസായാൽ അങ്ങനെയാണെന്നും കുഴമ്പിട്ടു തിരുമ്മി വിശ്രമിക്കാറായെന്നും പറഞ്ഞ് ആഘോഷമാക്കുകയും ഹൈക്കമാൻഡിന് കത്തയയ്ക്കുകയും ചെയ്തു ആ വില്ലന്മാർ .

തളർത്തി കിടത്താനായിരുന്നു ഉദ്ദേശ്യമെന്ന് അപ്പോഴാണ് മനസിലായത്. എന്തായാലും കണ്ണിൽ കൊള്ളേണ്ടത് പുരികത്തുകൊണ്ടുപോയി. കളരിപരമ്പര ദൈവങ്ങളുടെ അനുഗ്രഹം. അല്ലാതെ മറ്റൊന്നുമല്ല . ക്ഷമയ്ക്കു ഒരു പരിധിയുണ്ട്. ഇനി പിന്നോട്ടില്ല. വേണ്ടിവന്നാൽ ഹൈക്കമാൻഡിനോടും യുദ്ധം ചെയ്യുമെന്ന് അദ്ദേഹം വ്യംഗ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒരു നീതിമാനെ തിരിച്ചറിയാൻ സമാനഹൃദയമുള്ളവർക്കേ കഴിയൂ. നിലവിൽ അങ്ങനെ രണ്ടുപേരാണ് കോൺഗ്രസിലുള്ളത്. ലീഡറുടെ മോൻ കെ. മുരളീധരൻജിയും ഡോ. തരൂർജിയും . തരൂർജിക്ക് ആരെയും പേടിക്കാതെ എന്തും പറയാം. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് നാറ്റിക്കുന്നതാണ് മൂപ്പരുടെ രീതി.

പിന്നെ, അതിന് മറുപടി പറയണമെങ്കിൽ ഡിക്‌ഷണറി തപ്പി നടക്കണം. സുധാകർജി മാറേണ്ട കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും തരൂർജി വ്യക്തമാക്കിയിട്ടുണ്ട്. ഇതേ അഭിപ്രായമാണ് മുരളിജിക്കും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts