Your Image Description Your Image Description

കോഴിക്കോട് : ഒളിമ്പിക്‌സ് മത്സര വിഭാഗമായ കയാക്ക് സ്ലാലോമിന്റെ ദേശീയ സെലെക്ഷനും റാങ്കിങ്ങും മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷത്തെ മലബാര്‍ റിവര്‍ ഫെസ്റ്റ് ജൂലായ് 24 മുതല്‍ 27 വരെയാണ് സംഘടിപ്പിക്കുന്നത്. തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരം നടക്കുക. ചടങ്ങില്‍ 2024 മലബാര്‍ റിവര്‍ ഫൈസിലെ മാധ്യമ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു

സാഹസിക കായിക വിനോദങ്ങള്‍ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റുപോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് കേരളത്തെ സാഹസിക കായിക വിനോദങ്ങളുടെ ആസ്ഥാനമാക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ ജലസാഹസിക ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ കേരള അഡ്‌വെഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ഡിടിപിസിയും ചേര്‍ന്ന് ഇന്ത്യന്‍ കയാകിംഗ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കയാക്കിംഗ് മത്സരങ്ങളില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്താന്‍ തുഴച്ചില്‍കാര്‍ക്കുള്ള പ്രത്യേക വിഭാഗം മത്സരങ്ങള്‍ സംഘടിപ്പിക്കും. 20-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കയക്കാര്‍മാരെയും നൂറിലധികം ദേശീയ കയാക്കര്‍മാരും പങ്കെടുപ്പിക്കും. ഫെസ്റ്റിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി വ്യത്യസ്ത സാഹസിക കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts