Your Image Description Your Image Description

ദാഹമുണ്ടായാൽ വെള്ളം കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ, എപ്പോഴും വെള്ളം കുടിക്കാറുണ്ടോ? ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അമിതമായി വെള്ളം കുടിക്കുന്നവരുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് യുഎസിലെ ഒരു വനിത അമിതമായി വെളളം കുടിച്ചതിനെ തുടര്‍ന്ന് മരണപെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. ഇന്തോനേഷ്യയിലെ തടാകത്തില്‍ കുടുംബത്തോടൊപ്പം നീന്തലില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് അഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയ്ക്ക് നിര്‍ജലീകരണം അനുഭവപ്പെടുന്നത്. തുടർന്ന് യുവതി വെളളം കുടിക്കുകയും 20 മിനിറ്റിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച് തീര്‍ക്കുകയും ചെയ്തു. പിന്നീട് അവര്‍ക്ക് അസ്വസ്ഥത തോന്നി ബോധംകെട്ട് വീഴുകയും മരണപ്പെടുകയുമായിരുന്നെന്ന് അവരുടെ സഹോദരന്‍ വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ‘ജലലഹരി’ അഥവാ ‘ജല വിഷബാധ’ മൂലമാണ് ആഷ്‌ലി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്താണ് ഈ അവസ്ഥക്ക് കാരണം?

ശരീരത്തിന് ആവശ്യമുള്ളതിലുമധികമായി വെള്ളം കുടിക്കുന്ന അവസ്ഥയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ വൃക്കകള്‍ക്ക് അമിതമായ പ്രവര്‍ത്തിക്കേണ്ടി വരുന്നു. സാധാരണയായി വൃക്കകള്‍ക്ക് 0.8 മുതല്‍ 1 ലിറ്റര്‍ വരെ വെള്ളം ഫില്‍റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതില്‍ കൂടുതല്‍ കുടിക്കുന്നത് ശരീരത്തിന്റെ ദ്രാവകത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള വൃക്കകളുടെ കഴിവിനെ മറികടക്കുന്നു. രക്തത്തില്‍ കൂടുതല്‍ വെള്ളം പ്രവേശിക്കുമ്പോള്‍ അത് സോഡിയത്തിന്റെയും മറ്റ് ഇലക്ട്രോലൈറ്റുകളുടെയും സാന്ദ്രത നേര്‍പ്പിക്കുന്നു. ശരീര കോശങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ധാതുവാണ് സോഡിയം. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ‘ഹൈപ്പോനാട്രീമിയ’ എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് കോശങ്ങളിലേക്ക് വെള്ളം നീങ്ങാന്‍ കാരണമാകും.

അധിക ജലം മൂലം കോശങ്ങള്‍ വീര്‍ക്കുന്നത് തലച്ചോറിന് അപകടമാണ്. തലയോട്ടി കട്ടിയുള്ളതായതുകൊണ്ടുതന്നെ തലച്ചോറിലെ കോശങ്ങള്‍ വീര്‍ക്കുമ്പോള്‍ തലയോട്ടിക്കുള്ളിലെ മര്‍ദ്ദം വര്‍ധിക്കുന്നു. ഈ മര്‍ദ്ദം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആശയക്കുഴപ്പം, തലവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കും. മര്‍ദ്ദം വര്‍ധിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം, ബോധം നഷ്ടപ്പെടല്‍, കോമയിലേക്ക് പോകല്‍, മസ്തിഷ്‌ക ക്ഷതം, മരണം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തലച്ചോറിന്റെ ഈ വീക്കത്തെ സെറിബ്രല്‍ എഡിമ എന്നാണ് വിളിക്കുന്നത്.

എന്‍ഡുറസ് അത്‌ലറ്റുകളും മാരത്തണ്‍ ഓട്ടക്കാരും (ഇവര്‍ ദീര്‍ഘനേരത്തെ ഓട്ടത്തിനുള്ളില്‍ അമിതമായി വെള്ളം കുടിച്ചേക്കാം), പരിശീലനത്തിലുള്ള സൈനിക ഉദ്യോഗസ്ഥര്‍, മാനസിക ആരോഗ്യ പ്രശ്‌നമുള്ള ആളുകള്‍(ചില ആളുകള്‍ നിര്‍ബന്ധിതമായി വലിയ അളവില്‍ വെളളം കുടിച്ചേക്കാം), എംഡിഎംഎ പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരെ ജല ലഹരി ബാധിച്ചേക്കാം. ഇതിൽ നിന്നും രക്ഷനേടാൻ ദാഹത്തിന് അനുസരിച്ച് മാത്രം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുമ്പോഴോ ചൂടുള്ള കാലാവസ്ഥയിലോ നിങ്ങള്‍ക്ക് കൂടുതല്‍ വെളളം ആവശ്യമാണ്. അത് ശ്രദ്ധാപൂര്‍വ്വം സന്തുലിതമാക്കാം. വൃക്കകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts