Your Image Description Your Image Description

ഹോളിവുഡിലെ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയായ ജുറാസിക് പാർക്കിന്‍റെ ഏഴാമത്തെ ചിത്രമാണ് ജുറാസിക് വേൾഡ് റീബർത്ത്. സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. റിലീസായതിന് പിന്നാലെ മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനിൽ ചിത്രം മുന്നേറുകയാണ്. സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. ഈ വർഷത്തെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ജുറാസിക് വേൾഡ് റീബർത്ത് എത്തിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ളത് ടോം ക്രൂസിന്റെ ‘മിഷൻ: ഇംപോസിബിൾ’ ആണ്. തിയേറ്ററിൽ നിന്ന് 120 കോടിയാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തിൽ, ‘ജുറാസിക് വേൾഡ് റീബർത്ത്’ ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 500 മില്യൺ ഡോളർ കടന്നിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, സിനിമയ്ക്ക് നേരെ ഒരുപാട് വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ട്. പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെന്നും ത്രില്ലിംഗ് ആയി ഒന്നും തന്നെ സിനിമ നൽകുന്നില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

എന്നാൽ മുൻ ജുറാസി വേൾഡ് സിനിമകളേക്കാൾ ഈ സിനിമ മികച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നു. ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗാരെത് എഡ്വേർഡ്സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഥാർത്ഥ ജുറാസിക് പാർക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Posts