Your Image Description Your Image Description

കുട്ടികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നല്‍കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ നിര്‍മിതബുദ്ധി (എഐ) ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി എക്സ് എഐ. കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് ‘ബേബി ഗ്രോക്ക്’ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കായുള്ള എഐ ടൂളുകളിലേക്കുള്ള എക്സ് എഐയുടെ ആദ്യത്തെ ചുവടുവെപ്പാണിത്. അനുചിതമോ ഹാനികരമോ ആയ ഉള്ളടക്കങ്ങളിലേക്ക് കടന്നുചെല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മസ്‌ക് പറയുന്നു.

മസ്‌കിന്റെ കമ്പനിയുടെ നിര്‍മിതബുദ്ധി (എഐ) കൂട്ടാളികളുടെ പ്രകോപനപരമായ സ്വഭാവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അനി എന്ന എഐ കമ്പാനിയന്‍ ഉപയോക്താക്കള്‍ കൂടുതല്‍ നേരം ഇടപഴകുന്തോറും ശൃംഗാര സംഭാഷണങ്ങളിലേക്കടക്കം കടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് മസ്‌ക് ഇപ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഗ്രോക്കിന്റെ ഒരു പതിപ്പ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ‘ബേബി ഗ്രോക്ക്’ ന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു എഐ ആപ്പ് വികസിപ്പിക്കാനുള്ള ഈ നീക്കമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഇത് പുറത്തിറക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ ഗ്രോക്കിന്റെ മൂന്ന് എ.ഐ കമ്പാനിയനുകളില്‍ ഒന്നാണ് അനി. ആനിമേഷന്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങളുള്ള ഈ കമ്പാനിയനാണ് ശൃംഗാര സംഭാഷണങ്ങളിലേക്ക കടക്കുന്നതായ പരാതിയടക്കം ഉയര്‍ന്നിട്ടുള്ളത്. എഐ കമ്പാനിയന്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേക്ക് മാറുന്നതായും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊന്നായ റൂഡി എന്ന ചുവന്ന പാണ്ട ഒരു ഭാഗത്ത് രസികനായ ഒരു സഹായിയും മറുഭാഗത്ത് അസഭ്യം പറയുന്ന ഒരു യന്ത്രവുമാണെന്നാണ് വിമര്‍ശനം. പുരുഷ കമ്പാനിയനായ വാലന്റൈനും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ പരാതികള്‍ പരിഹരിക്കുന്നതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മോഡല്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Related Posts