Your Image Description Your Image Description

 

കല്‍പ്പറ്റ: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോ കഞ്ചാവ് പുല്‍പ്പള്ളി പൊലീസ് പിടിച്ചെടുത്തു. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പൊലീസ് കൈ കാണിച്ച് നിര്‍ത്തി. സ്‌കൂട്ടര്‍ നിര്‍ത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

അജീഷിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് പിടികൂടി. സംസ്ഥാനത്ത് വില്‍പന നടത്തുന്നതിനായി കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. എസ്.ഐ എച്ച്. ഷാജഹാന്‍, എസ് സിപിഒ കെ.കെ. അജീഷ്, സി.പി.ഒമാരായ കെ.കെ. അജീഷ്, തോമസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടങ്ങിയ പൊലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 702 പേരെ പരിശോധിച്ചു. 91 കേസുകളിലായി 92 പേരെ പിടികൂടി. 7.185 ഗ്രാം എംഡിഎംഎയും, 2.576 കിലോ ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 81 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *