Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട കേരള വില്‍പന നികുതി നിയമ പ്രകാരമുള്ള നികുതി നിരക്കിൻ്റെ ശുപാർശ സമർപ്പിച്ചു. ജി.എസ്.ടി കമ്മീഷണറുടെ ശുപാർശ അടങ്ങുന്ന ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തി.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്. നിലവിൽ 400 രൂപയ്ക്ക് മുകളിലുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് എത്തുമ്പോൾ ഇത്രയും ഉയർന്ന നികുതി പാടില്ലെന്നാണ് ഡിസ് ലറികളുടെ നിലപാട് . തുടർന്നാണ് സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്.

പലഘട്ടങ്ങളിൽ മദ്യവിലകൂട്ടിയതോടെ കെയ്സിന് 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്. 42.86 ശതമാനമാണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലെ ആൽക്കഹോളിൻെറ അളവ്. ഇത് 20 ശതമാനമാക്കി കുറക്കുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വിൽപ്പനയും കൂടുമെന്നാണ് മദ്യ ഉൽപാദകരുടെവാദം. ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തിയതോടെ താമസിയാതെ മന്ത്രി സഭാ യോഗത്തിൻ്റെ പരിഗണനയ്ക്ക് വരും. മന്ത്രിസഭ നികുതി നിരക്കിന് അംഗീകാരം നൽകിയാൽ ഡിസ് ലറികൾക്ക് വീര്യം കുറഞ്ഞ മദ്യം വിപണയിൽ എത്തിക്കാനാവും.കർണാടയിലും ആന്ധ്രയിലും റെഡി ടു ഡ്രിങ്ക് എന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യവില്‍പ്പന തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തും തുടങ്ങണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *