Your Image Description Your Image Description

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.

മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു ഡ്രൈവറുടെ മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. മോൻസണിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *