Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ഒന്നും രണ്ടും പ്രവ‍ൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും ഇന്ന് നൽകുക. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു.

മൂന്നാം പ്രവർത്തി ദിവസമായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്. ട്രഷറിയിൽ പരമാവധി പണം എത്തിച്ച് ഇന്ന് ഉച്ചയോടെ പകുതി ജീവനക്കാർക്കെങ്കിലും ശമ്പളം നൽകാനാണ് സർക്കാർ ശ്രമം. ഇന്ധനക്കമ്പനികളോടു നികുതിയും ബവ്റിജസ് കോർപറേഷൻ, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളോടു പരമാവധി പണവും ട്രഷറിയിൽ ഒടുക്കാൻ സർക്കാർ നിർദേശിച്ചു.

കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ന് ശമ്പളം ലഭ്യമാക്കുമെന്നാണ് ധനവകുപ്പിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം അനുവദിച്ചവർക്ക് ഇന്ന് മുതൽ കിട്ടിത്തുടങ്ങും. ഉച്ചയോടെ ഇടിഎസ്ബി അക്കൗണ്ടിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് ശമ്പളം നൽകിത്തുടങ്ങുമെന്നാണ് ധനവകുപ്പിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. സാമ്പത്തികപ്രതിസന്ധി കാരണമാണു ചരിത്രത്തിൽ ആദ്യമായി ശമ്പളവിതരണം നീളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *