Your Image Description Your Image Description

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും  സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

അതേസമയം , സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഡീൻ പറഞ്ഞു. അസിസ്റ്റന്റ് വാർഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവർ യൂനിവേഴ്സിറ്റിയിലെത്തി​യപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകിയത് താനാണെന്നും ഡീൻ പറഞ്ഞു. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ ഹോസ്റ്റലിലെത്തി. മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സർവകലാശാല ആളെ നിയമിച്ചിട്ടില്ല. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാർഡനോട് റിപ്പോർട്ട് തേടി. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയത്. പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *