Your Image Description Your Image Description

കൊച്ചി: ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സർക്കാർ സമഗ്ര മറുപടി നൽകണമെന്നും ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. കേസിൽ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ, എക്സൈസ് കമ്മിഷണർ, അഡീഷണൽ എക്സൈസ് കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാല് വരെയുള്ള എതിർകക്ഷികൾ. നാലു എതിർകക്ഷികളും സമഗ്രമായ മറുപടി നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റെ നിർദ്ദേശം. ഈ മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ  സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം. ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി.  ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്‌സൈസിൽ വിളിച്ച് ഷീലയുടെ സ്‌കൂട്ടറിൽ എൽഎസ്ഡി സ്റ്റാംപ് ഉണ്ടെന്ന് വിവരം നൽകിയത് ഇയാളാണ്.

Leave a Reply

Your email address will not be published. Required fields are marked *