Your Image Description Your Image Description

ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുക, വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇന്ത്യ ഖേലോ ഫുട്ബോള്‍ (ഐ.കെ.എഫ്), മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂ ആരോസുമായി കൈകോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കുന്നു. മികച്ച ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തിയെടുക്കാനുമുള്ള ഐ.കെ.എഫിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നീക്കമാണ് ഇത്.

 

‘അതിര്‍ത്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അപ്പുറമുള്ള ഒരു യാത്രയ്ക്കാണ് ഞങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുന്നതെ’ന്ന് ഐ.കെ.എഫ് സ്ഥാപകന്‍ ഫാനി ഭൂഷണ്‍ അറിയിച്ചു. ‘പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി മാത്രമല്ല , ഫുട്ബോള്‍ ഇഷ്ടപ്പെടുന്നവരുടെ ഒരു ആഗോള കൂട്ടായ്മ സംഘടിപ്പിക്കലും ഇതിന്റെ ലക്ഷ്യമാണ്. ഇന്ത്യയിലെയും യു.എ.ഇയിലെയും ഫുട്ബോള്‍ രംഗത്ത് ഈ കൂട്ടുകെട്ടിന് എത്രമാത്രം സ്ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്താനാകുമെന്ന ആകാംക്ഷയിലാണ് ഞങ്ങള്‍’ അദ്ദേഹം പറഞ്ഞു.

 

ഐ.കെ.എഫ് സഹസ്ഥാപകന്‍ ഹിതേഷ് ജോഷിയുടെ വാക്കുകളിലും ഇതേ ആവേശം തന്നെയാണ് ഉണ്ടായിരുന്നത്. ‘ഈ പങ്കാളിത്ത വിപുലീകരണം ഒരു ടാലന്റ് ഹണ്ടിനപ്പുറം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മിഡില്‍ ഈസ്റ്റിനും ഇടയിലുള്ള പാലമായും പ്രവര്‍ത്തിക്കുകയും ഫുട്ബോളിന്റെ ആഗോളഭാഷയെ ഏകീകരിക്കുകയും ചെയ്യും. മിഡില്‍ ഈസ്റ്റിലെ സ്പോര്‍ട്സ് മാനേജ്മെന്റില്‍ സമാനതകളില്ലാത്ത അനുഭവ സമ്പത്തുള്ള ബ്ലൂആരോസുമായുള്ള പങ്കാളിത്തം അറിയപ്പെടാത്ത ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനും ഐ.എസ്.എല്‍, ഐ-ലീഗ് പോലുള്ള ലീഗുകളുടെ നിലവാരം വര്‍ധിപ്പിക്കാനും ഞങ്ങളെ പ്രാപ്തരാക്കും’ അദ്ദേഹം പറഞ്ഞു.

 

ബ്ലൂആരോസ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നുള്ള രാജേഷ് രവി മേനോനും ഈ പുതിയ പങ്കാളിത്തത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ‘ഇന്ത്യ ഖേലോ ഫുട്ബോളിന്റെ പങ്കാളിയായതിലൂടെ ബ്ലൂആരോസ് ആദരിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ ഒത്തൊരുമിച്ചുള്ള പരിശ്രമം മിഡില്‍ ഈസ്റ്റിലെ യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും സ്പോര്‍ട്സിലൂടെ അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഈ ടാലന്റ് ഹണ്ട് ഗംഭീര വിജയമാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ അദ്ദേഹം വ്യക്തമാക്കി.

 

മിഡില്‍ ഈസ്റ്റിലെ ടാലന്റ് ഹണ്ടിലൂടെ യുവ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യയിലെ പ്രീമിയര്‍ ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഇടംപിടിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സംരംഭം ഇന്ത്യന്‍ ഫുട്ബോളിന് ഒരു പുതിയ മാനം കൊണ്ടുവരികയും കായിക രംഗത്ത് സാംസ്‌കാരിക സമന്വയത്തിന് വേദിയൊരുക്കുകയും ചെയ്യും. സെലക്ഷന്‍ ട്രയലുകള്‍ 2024 ജനുവരിയില്‍ ദുബായിയില്‍ നടക്കും.

 

ഐ.കെ.എഫിനൊപ്പം ചേര്‍ന്ന് തങ്ങളുടെ പ്രൊഫഷണല്‍ ഫുട്ബോള്‍ യാത്രയ്ക്ക് തുടക്കം കുറിയ്ക്കാമെന്ന ആവേശത്തിലാണ് മിഡില്‍ ഈസ്റ്റിലെ ഫുട്ബോള്‍ പ്രതിഭകള്‍. #IKFGlobalJourney, #MiddleEastFootballTalent എന്നീ ഹാഷ് ടാഗുകളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും യുവപ്രതിഭകളെ പരിചയപ്പെടുത്താനുമുള്ള പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *