Your Image Description Your Image Description
ആലപ്പുഴ: കേരളത്തിലാദ്യമായി പൂന്തുറയില് ചൈനയില് നിന്നും എത്തിച്ച ജിയോ ട്യൂബ് കടലില് നിക്ഷേപിച്ചുള്ള പരീക്ഷണം ആദ്യഘട്ടത്തില് വിജയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. കുട്ടംപേരൂര് ആറ് വളപ്പ് മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരമാലയടിച്ച് കര നഷ്ടപ്പെടുന്നത് തീരദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദ്യഘട്ടത്തില് 150 കോടി രൂപ ചെലവില് 200 മീറ്റര് ട്യൂബില് 250 ടണ് മണല് കയറ്റി കടലിനകത്തു നിക്ഷേപിച്ചപ്പോള് തന്നെ വലിയ രീതിയില് കര സംരക്ഷിക്കാനായി. ഈ പദ്ധതി പൂര്ണമായും ലക്ഷ്യത്തിലെത്തിയാല് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. കടലിലെ മത്സ്യ സമ്പത്ത് വര്ദ്ധിപ്പിക്കാന് വിഴിഞ്ഞത്ത് കൃത്രിമ പാനലുകള് നിക്ഷേപിച്ചിട്ടുണ്ട്.
കുട്ടംപേരൂര് ആറിനെ ടൂറിസവുമായി ബന്ധപ്പെടുത്തി ജലാശയത്തില് പരമാവധി മത്സ്യകൃഷി നടത്തണം. വിഷമില്ലാത്ത മത്സ്യം ജനങ്ങള്ക്ക് കൊടുക്കുകയാണ് പ്രധാനം. മത്സ്യസമ്പത്തിനൊപ്പം വരുമാന സ്രോതസ്സും വര്ദ്ധിക്കണം. ഇതിനായി ഫിഷറീസ് വകുപ്പ് പച്ചമീനും ഉണക്ക മീനും ഓണ്ലൈന് വില്പന സംവിധാനം തിരുവനന്തപുരത്ത് ആരംഭിച്ചു. അടുത്തതായി കൊല്ലം ജില്ലയിലും ഓണ്ലൈന് മാര്ക്കറ്റിംഗ് സംവിധാനം ആരംഭിക്കും. മത്സ്യ സമ്പത്ത് വര്ദ്ധിക്കുന്നതിന് ഒപ്പം മാര്ക്കറ്റും വിപുലമാക്കും.
മത്സ്യകൃഷിയോടു ചേര്ന്ന് ടൂറിസം സാധ്യതകള് പ്രയോജനപ്പെടുത്താനാകണം. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ ഹട്ടുകള്, കൃഷി ചെയ്യുന്ന മത്സ്യം പാകം ചെയ്യാനുള്ള സംവിധാനങ്ങള്, ആളുകള്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന് കഴിയുന്ന അന്തരീക്ഷം എന്നിവ ഒരുക്കിയെടുത്താല് സ്ത്രീകള്ക്ക് വരുമാനമാര്ഗമാകുമെന്നും മന്ത്രി പറഞ്ഞു.
എണ്ണയ്ക്കാട് ഫിഷ് ലാന്ഡിങ് സെന്ററിന് സമീപം നടന്ന ചടങ്ങില് ബുധനൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. പുഷ്പലത മധു അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന് അംഗം കെ.ആര് മോഹനന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ രാജേഷ് കുമാര്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീകുമാര്, ജി. ഉണ്ണികൃഷ്ണന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് ബെന്നി വില്യം, ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസര് ഫിറോസിയ നസീമ ജലാല്, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര് സിബി സോമന്, ഫിഷറീസ് ഓഫീസര് ദീപു, ഫിഷറീസ് പ്രോജക്ട് ഓഫീസര് സുഗന്ധി, അക്വാകള്ച്ചര് പ്രമോട്ടര് വിപിഷ, റവ. ഫാ.സൈജു ജോര്ജ് മറ്റു രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *