Your Image Description Your Image Description

ചെന്നൈ: കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍ നൽകിയ പത്ര പരസ്യത്തിൽ ചൈനീസ് റോക്കറ്റുകളുടെ ചിത്രം. സംഭവത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ പരമാധികാരത്തെക്കാൾ ചൈനയുടെ താൽപ്പര്യങ്ങൾക്കാണ് ഡിഎംകെ മുൻഗണന നൽകുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ എക്സിൽ കുറിച്ചു. ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ചിത്രത്തോടൊപ്പം മന്ത്രി തിരു അനിത രാധാകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു അണ്ണാമലൈയുടെ കുറിപ്പ്.

അണ്ണാമലൈയുടെ കുറിപ്പിങ്ങനെ

ഡിഎംകെ മന്ത്രി തിരു അനിതാ രാധാകൃഷ്ണൻ ഇന്ന് പ്രമുഖ തമിഴ് ദിനപത്രങ്ങൾക്ക് നൽകിയ ഈ പരസ്യത്തിൽ ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തോടുള്ള അവഗണനയുടെയും പ്രകടനമാണ്. കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ രണ്ടാം വിക്ഷേപണത്തറയുടെ പ്രഖ്യാപനം പുറത്തുവന്നതുമുതൽ അഴിമതിയിൽ മുങ്ങിക്കുളിച്ച ഡിഎംകെ, പോസ്റ്ററുകൾ ഒട്ടിക്കാനുള്ള തിരക്കിലായിരുന്നു. മുമ്പ് അവര്‍ ചെയ്ത തെറ്റുകൾ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവയെല്ലാമെന്ന് വ്യക്തമാണ്. എന്നാൽ ആ ശ്രമങ്ങൾക്കിടയിൽ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം തമിഴ്നാട്ടിൽ അല്ലെന്ന് ഡിഎംകെയെ ഞാൻ ഓര്‍മിപ്പിക്കുകയാണ്. അത് ആന്ധ്രാപ്രദേശിലായിരിക്കാൻ കാരണവും ഡിഎംകെയാണെന്ന് ഓര്‍ക്കണം.

ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ പാഡ് പദ്ധതി വന്നപ്പോൾ, അത് സ്ഥാപിക്കാൻ ഐഎസ്ആർഒ ആദ്യം പദ്ധതിയിട്ടത് തമിഴ്നാട്ടിൽ ആയിരുന്നു. കടുത്ത തോൾ വേദന മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി തിരു അണ്ണാദുരൈ തന്റെ മന്ത്രിമാരിലൊരാളായ മതിയഴകനെ യോഗത്തിനായി നിയോഗിച്ചു. ഐഎസ്ആർഒ ഉദ്യോഗസ്ഥരെ മതിയഴകൻ ഏറെ നേരം കാത്തിരുത്തി. ഒടുവിൽ മതിയഴകൻ യോഗത്തിലേക്ക് എത്തിയത് മദ്യ ലഹരിയിലായിരുന്നു. ആ യോഗത്തിൽ ഉടനീളം പരസ്പരവിരുദ്ധമായി അദ്ദേഹം സംസാരിച്ചു. അത് നഷ്ടമായി. 60 വർഷം മുമ്പ് നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയോടുള്ള സമീപനം ആയിരുന്നു ഇത്. ഡിഎംകെയ്ക്ക് ഇന്നും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, എന്ന് മാത്രമല്ല, വീണ്ടും മോശമായിത്തീർന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *