Your Image Description Your Image Description

കൊളംബോ: യുക്രൈൻ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇരു രാജ്യത്തേയും പൌരന്മാർക്ക് വിസാ കാലാവധി നീട്ടി നൽകിയ നടപടി റദ്ദാക്കി ശ്രീലങ്ക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവാകുന്ന തീരുമാനമെന്ന രീതിയിലായിരുന്നു റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള പൌരന്മാരുടെ വിസാ കാലാവധി നീട്ടി നൽകിയത്. എന്നാൽ രാജ്യത്തേക്ക് അഭയം തേടിയെത്തിയ വിദേശികൾ ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ അടക്കം ചെറുകിട സംരംഭങ്ങൾ ആരംഭിക്കുകയും ഇത്തരം സ്ഥാപനങ്ങളിൽ തദ്ദേശീയരെ പ്രവേശിപ്പിക്കാതിരിക്കുന്നതുമായ സംഭവങ്ങൾ പതിവായതിന് പിന്നാലെയാണ് ശ്രീലങ്കയുടെ നടപടി.

വിസാ കാലാവധി അവസാനിച്ചവർ രണ്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്നാണ് ശ്രീലങ്ക വിശദമാക്കിയിരിക്കുന്നത്. ഫെബ്രുവരി 23മുതലാണ് തീരുമാനം പ്രാവർത്തികമായിട്ടുള്ളത്. ദീർഘ കാലത്തേക്ക് ശ്രീലങ്കയിൽ തങ്ങിയിരുന്ന യുക്രൈൻ, റഷ്യൻ സ്വദേശികൾ ഭക്ഷണശാലകൾ, നെറ്റ് ക്ലബ്ബുകൾ എന്നിവ ആരംഭിക്കുകയും ഇവയിൽ വിദേശ പൌരന്മാർക്ക് ജോലികൾ നൽകുകയും തദ്ദേശീയമായ സാമ്പത്തിക വ്യവസ്ഥയെ ബൈപ്പാസ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ശ്രീലങ്ക കർശന നടപടിയിലേക്ക് കടന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില റഷ്യൻ സ്വദേശികൾ അനധികൃത ബിസിനസുകളും ആരംഭിച്ചതായും സൂചനകളുണ്ട്. ഇമിഗ്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ക്യാബിനറ്റ് അനുമതി കൂടാതെ വിദേശികളോട് രാജ്യ വിടാനുള്ള തീരുമാനം പുറപ്പെടുവിച്ചതിൽ ശ്രീലങ്കൻ പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ വിസാ കാലാവധി നീട്ടണമെന്ന ആവശ്യവുമായി എത്തുന്ന അപേക്ഷകൾ ശ്രീലങ്കൻ സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2022ലെ ഗുരുതര സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ലക്ഷ്യമിട്ടായിരുന്നു ഓൺ അറൈവൽ വിസ ആറ് മാസം വരെ നീട്ടി നൽകിയിരുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആയിരക്കണക്കിന് റഷ്യൻ, യുക്രൈൻ പൌരന്മാരാണ് ശ്രീലങ്കയിൽ താമസിക്കുന്നത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 300000 റഷ്യക്കാരും 20000 യുക്രൈൻകാരും യുദ്ധത്തിന് പിന്നാലെ ശ്രീലങ്കയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *