Your Image Description Your Image Description

ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടതോടെ അതിനാടകീയ സംഭവങ്ങളാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഹിമാചല്‍ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ബിജെപി എംഎല്‍എമാരുമായി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ രാജ്ഭവനിലെത്തി കണ്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നിരിക്കുകയാണ്. സഭയില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എമാരെയും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാരെയും വിധാന്‍ സഭ സ്പീക്കര്‍ പുറത്താക്കുമോ എന്ന ആശങ്കയുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള നിയമസാധുത നഷ്ടപ്പെട്ടുവെന്ന് വ്യക്തമാണെന്നും ബിജെപി ഗവര്‍ണറെ ബോധ്യപ്പെടുത്തി.

ഹിമാചലിൽ സർക്കാരിന് ഭീഷണി ഉയർന്നതിന് പിന്നാലെ അടിയന്തിര നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കേന്ദ്ര നേതൃത്വം ഹിമാചലിലേയ്ക്ക് നിയോഗിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ ആറ് എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന ആരോപണവുപമായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തിയിരുന്നു. സിആർപിഎഫും ഹരിയാന പൊലീസും എസ്കോർട്ട് നൽകിയെന്നായിരുന്നു സുഖുവിൻ്റെ ആരോപണം. എംഎൽഎമാരെ മടക്കി എത്തിക്കാൻ ശ്രമം തുടരുകയാണെന്നും എംഎൽഎമാരുമായി സംസാരിക്കുമെന്നും സുഖു വ്യക്തമാക്കിയിരുന്നു. ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *