Your Image Description Your Image Description

കൊൽക്കത്ത: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചൊവ്വാഴ്ചയാണ് മമത ബാനർജിയുടെ നിർണായക പ്രഖ്യാപനമെത്തുന്നത്. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുക. പുരുലിയയിൽ നടന്ന ഒരു പൊതു ചടങ്ങിലാണ് മമത ബാനർജിയുടെ പ്രഖ്യാപനം എത്തുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ഉറ്റ ബന്ധുക്കൾ നഷ്ടമായ 738 പേരുടെ അപേക്ഷയാണ് നിലവിൽ സർക്കാരിന് മുന്നിലുള്ളതെന്നും ഇവർക്കായി ആയിരം തസ്തികകൾ സൃഷ്ടിക്കുമെന്നും മമത ബാനർജി വിശദമാക്കി. നെല്ല് സംഭരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ നയവും പരിപാടിയിൽ മമത വ്യക്തമാക്കി. കർഷകരുടെ വീടുകൾ തോറും എത്തി നെല്ല് സംഭരിക്കും. സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇഉദ്യോഗസ്ഥരെത്തി നെല്ല് അളന്ന് വാങ്ങും. സർക്കാർ സൌജന്യ റേഷനായി നൽകുന്ന അരി സംസ്ഥാനത്തെ കർഷകർ കൃഷി ചെയ്യുന്നത് ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന വീടുകളുടെ കുടിശിക പണം കേന്ദ്രം ഏപ്രിൽ 1നകം നൽകണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ഈ പണം ലഭിക്കുമോയെന്ന് ഏപ്രിൽ ഒന്ന് വരെ കാക്കുമെന്നും ലഭിക്കാത്ത പക്ഷം സംസ്ഥാന സർക്കാർ 11 ലക്ഷം വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് നൽകുമെന്നും മമത ബാനർജി പ്രതികരിച്ചു. കേന്ദ്രത്തോട് യാചിക്കാനില്ലെന്നാണ് മമത ബാനർജി വിശദമാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര കുടിശിക ലഭ്യമായില്ലെന്നും മമത ബാനർജി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *