Your Image Description Your Image Description

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയതോടെ ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികൾ ആരാണന്നറിയുവാനുള്ള ആകാംക്ഷയിലാണ് കേരള ജനത. മൂന്നുമുന്നണി സ്ഥാനാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടു വേണം ഒന്ന് വിലയിരുത്താനെന്ന് കരുതിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ആറ്റിങ്ങൽ, തൃശ്ശൂർ, പാലക്കാട് എന്നീ മൂന്ന് മണ്ഡലത്തിലാണ് ഇപ്പോൾ ചിത്രം വ്യക്തമായിട്ടുള്ളത്. കാസർഗോഡ് , തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ കൂടി തിരിച്ചറിഞ്ഞാൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും മത്സരചിത്രം വ്യക്തമാകും.

ബാക്കി 14 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് വലിയ പ്രസക്തി ഇല്ല. എങ്കിലും അവർ സ്വരൂപിക്കുന്ന വോട്ട് മറ്റു മുന്നണി സ്ഥാനാർത്ഥികളിലെ ജയ പരാജയങ്ങളെ സ്വാധീനിച്ചേക്കാം.
പാലക്കാട് കൃഷ്ണകുമാറും തൃശ്ശൂര് സുരേഷ് ഗോപിയും ആറ്റിങ്ങലിൽ മുരളീധരനും മത്സരിക്കുന്നത് ജയിക്കാനാണന്നാണ് പൊതുവെ പറയുന്നത്.

എന്നാൽ ഇവിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനുള്ള മത്സരമാണ് ബിജെപി നടത്തുന്നത് . ഇവിടെ മാത്രമല്ല മുൻപ് പറഞ്ഞ കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചല്ല അവരുടെ മത്സരം. മറിച്ച് രണ്ടാം സ്ഥാനത്തിന് വേണ്ടി മാത്രമാണ്. ചുരുക്കത്തിൽ കേരളത്തിൽ രണ്ടാമനാവുക എന്നതാണ് ബിജെപിയുടെ പദ്ധതി .

1980കളിൽ രാജ്യത്ത് ആകെ രണ്ട് എംപിമാരുമായി കളത്തിലിറങ്ങിയ ബിജെപി വളർന്ന് ഇന്ന് ഭാരതം തുടർച്ചയായി മൂന്നാം തവണ മത്സരിക്കുന്ന അവസ്ഥയിലെത്തിയത് ചെറിയ സംഭവമായി കാണാൻ സാധിക്കില്ല.

ഒന്നാമത് ബിജെപി ഒരു കുടുംബ പ്രസ്ഥാനമല്ല. അതുകൊണ്ട് തന്നെ അവർക്ക് കുടുംബ വാഴ്ചയില്ല. കാട്ടുനീതിയാണ് അവരുടേത്. പരസ്പരം മത്സരിച്ച് ഒന്നാമത് എത്തുന്നവൻ കാട് ഭരിക്കുന്നത് പോലെ ബിജെപിയുടെ ഉള്ളിലെ പരസ്പരം മത്സരത്തിൽ ഒന്നാമത് എത്തിയവർ പാർട്ടി നേതൃത്വം കൈയാളുന്നു

മാനസിക യുദ്ധത്തിൽ പുതിയ ആശയം അവതരിപ്പിച്ച് മുന്നേറിയവരുടെ കയ്യിൽ പാർട്ടി കാലാ കാലമായി ഇരിക്കും. അദ്വാനി, വാജ്പേയി എന്നിവരുടെ കയ്യിൽ നിന്ന് നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിന്റെ കയ്യില്‍ അധികാരം എത്തിയത് ഇതുപോലെയുള്ള ഒരു രക്തരഹിത വിപ്ലവത്തിലൂടെ തന്നെയാണ്.

അവർക്ക് അത് ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുവാൻ ഇതുവരെ സാധിച്ചു. കേരളത്തിൽ 1984ല്‍ തിരുവനന്തപുരത്താണ് ഇത്തരം ഒരു പരീക്ഷണം ആദ്യം നടന്നത് . അന്ന് നിലയ്ക്കൽ സമര നായകനായിരുന്ന കുമ്മനം രാജശേഖരൻ ഹിന്ദു മുന്നണിയെന്ന് പറഞ്ഞ് തിരുവനന്തപുരത്തിറക്കിയത് രാജാംശമുള്ള ഒരു സ്ഥാനാർത്ഥിയെ ആയിരുന്നു. മത്സരം കൊഴുത്തു. പക്ഷേ ഹിന്ദുമുന്നണി സ്ഥാനാർത്ഥി സാമാന്യം മോശമല്ലാത്ത വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.

ഇഎംഎസാണ് അപകടം തിരിച്ചറിഞ്ഞത്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസിന് കിട്ടുന്ന തിരിച്ചടിയാണിതെന്ന് മനസ്സിലാക്കി . അതിന് തടയിട്ടില്ലെങ്കിൽ ഇവർ ഇവിടെ കയറി മേയുമെന്നായിരുന്നു ഇഎംഎസിന്റെ കാഴ്ചപ്പാട്.

സിപിഎം അന്നുമുതൽ ഇന്നുവരെ അവരുടെ സകല ശക്തിയും ഉപയോഗിച്ച് പിന്നീട് ബിജെപി എന്ന് മൊഴിമാറ്റം നടന്ന ഹിന്ദു മുന്നണിയെ തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചു . പലപ്പോഴും വിജയത്തിന്റെ പടിവാതുക്കൽ എത്തുന്ന ബിജെപി സ്ഥാനാർത്ഥി വിജയപട്ടം ചൂടാത്തത് സിപിഎമ്മിന്റെ ഈ രീതിയിലുള്ള കരുതലാണ്. അതിനെ മറികടക്കുന്ന ഒരു തന്ത്രം അവതരിപ്പിക്കാൻ ബിജെപി ക്കും ഇതുവരെ സാധിച്ചിട്ടില്ല.

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ മോഹിച്ചു നടക്കുന്നവർക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വാർത്ത. കഴിഞ്ഞതവണ സുരേന്ദ്രൻ സ്വരൂപിച്ച മൂന്നേകാൽ ലക്ഷത്തിൽ നിന്ന് കുറവ് സംഭവിക്കാന്‍ ഏതായാലും ബിജെപി ഒരുക്കമല്ല.

പി സി ജോർജ് ബിജെപി സ്ഥാനാർത്ഥിയായാൽ കറ തീർന്ന ബിജെപിക്കാർ വരെ മാറി ചിന്തിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത്ര നല്ല പേരാണ് ജോർജിന് നാട്ടിലുള്ളത്. എൽ ഡി എഫും യുഡിഎഫും ഒരുപോലെ വെറുക്കുന്നവനെ ബിജെപി എടുത്തത് ഫ്രാങ്കോ മെത്രാന്റെ ശുപാർശയിലാണന്നാണ് പറഞ്ഞുകേൾക്കുന്നത്. ഒരേ ചിറകുള്ള പക്ഷികളെ ഒരുമിച്ച് ചേരൂ എന്ന് പഴയ ഒരു മൊഴി ഇപ്പോഴും നിലനിൽപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *